- വോളി താരങ്ങൾക്ക് ഒന്നര ലക്ഷം വീതം
തിരുവനന്തപുരം- സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ സർക്കാർ തീരുമാനിച്ചു. മാനേജർ, അസിസ്റ്റന്റ് കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർക്ക് ഒരു ലക്ഷം രൂപ വീതം നൽകും.
ടീമംഗങ്ങളായ മുഹമ്മദ് ഷെരീഫ്, ജിയാദ് ഹസ്സൻ, ജസ്റ്റിൻ ജോർജ്, കെ.പി.രാഹുൽ, വി.എസ്.ശ്രീക്കുട്ടൻ, എം.എസ്. ജിതിൻ, ജി.ജിതിൻ, ബി.എൽ.ഷംനാസ്, സജിത് പൗലോസ്, വി.കെ.അഫ്ദൽ, പി.സി.അനുരാഗ് എന്നീ 11 കളിക്കാർക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സർക്കാർ ജോലി നൽകും. സ്വന്തമായി വീടില്ലാത്ത കെ.പി.രാഹുലിന് (പിലിക്കോട് കാസർകോട്) വീട് നിർമിച്ചു നൽകാനും സർക്കാർ തീരുമാനിച്ചു.
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാർക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നൽകും. മാനേജർക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതവും. ടീമംഗമായ സി.കെ.രതീഷിന് കിൻഫ്രയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയിൽ നിയമനം നൽകാനും തീരുമാനിച്ചു.