ബറേലി- കാണ്‍പൂര്‍ അക്രമത്തെത്തുടര്‍ന്ന് ഈ മാസം പത്തിന് ഇമാം തൗഖിര്‍ റാസ പ്രഖ്യാപിച്ച വന്‍ പ്രതിഷേധം കണക്കിലെടുത്ത് ബറേലി അധികൃതര്‍ സെക്ഷന്‍ 144 പ്രകാരം കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പൊതുസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. ജൂലൈ മൂന്ന് വരെയുള്ള കാലയളവില്‍ പ്രതിഷേധങ്ങളും തടയും.
കാണ്‍പൂരില്‍ വെള്ളിയാഴ്ച ഉണ്ടായതുപോലുള്ള അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ജൂലൈ മൂന്ന് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച കാണ്‍പൂരില്‍ മാര്‍ക്കറ്റ് അടച്ചിട്ടതിന്റെ പേരിലാണ് വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട രണ്ട് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയത്.
കാണ്‍പൂരിലെ യതീംഖാനയ്ക്കും പരേഡ് ക്രോസ്‌റോഡിനും ഇടയിലുള്ള പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമത്തിൽ ഒരു പോലീസുകാരനടക്കം മുന്ന് പേർക്ക് പരിക്കേറ്റിരുന്നു. കടകള്‍ അടപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കാണ്‍പൂര്‍ അക്രമക്കേസിലെ മുഖ്യപ്രതി ഹയാത്ത് ജാഫര്‍ ഹാഷ്മിയും മറ്റ് മൂന്ന് സൂത്രധാരന്മാരും അറസ്റ്റിലായതായി സംസ്ഥാന പോലീസ് അറിയിച്ചു. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട നാലുപേരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായും ഇവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും ദേശീയ സുരക്ഷാനിയമം ചുമത്തുമെന്നും കണ്ടുകെട്ടുമെന്നും കാണ്‍പൂര്‍ പോലീസ് കമ്മീഷണർ പറഞ്ഞു.
ഹയാത്ത് ജാഫര്‍ ഹാഷ്മി, ജാവേദ് അഹമ്മദ് ഖാന്‍, മുഹമ്മദ് റാഹില്‍, മുഹമ്മദ് സുഫിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം മൗലാന അലി ജൗഹര്‍ ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടവരാണ്.
കാണ്‍പൂരിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു.
കാണ്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ചിലര്‍ ശ്രമിച്ചതെന്നും പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ പറഞ്ഞു
മൂന്ന് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായും ഇതുവരെ 36 പേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.