Sorry, you need to enable JavaScript to visit this website.

ജാമിഅ മസ്ജിദില്‍ പൂജ നടത്താന്‍ ഒരുങ്ങി ഹിന്ദുത്വ പ്രവര്‍ത്തകര്‍, തടയുമെന്ന് പോലീസ്

മാണ്ഡ്യ- കര്‍ണാടകയില്‍ ചരിത്രപ്രസിദ്ധമായ ശ്രീരംഗപട്ടണം ജാമിഅ മസ്ജിദില്‍ പൂജ നടത്തുമെന്ന പ്രഖ്യാപിച്ച ഹനുമാന്‍ ഭക്തരെയും പ്രവര്‍ത്തകരെയും തടയാന്‍ പോലീസിനെ വിന്യസിച്ചു.
ടൗണില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍  ഞായറാഴ്ച രാവിലെ വരെ ജില്ലാ അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച ശ്രീരംഗപട്ടണത്തില്‍ ഒത്തുകൂടാന്‍ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്‌റംഗ്ദളും എല്ലാ പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ജാമിഅ മസ്ജിദില്‍ പ്രവേശിച്ച് അവിടെ പൂജ നടത്താനാണ് ഇവരുടെ പദ്ധതി.
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ മാതൃകയില്‍ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന ആവശ്യത്തോട് ജില്ലാ ഭരണകൂടം പ്രതികരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പൂജ നടത്താനുള്ള ആഹ്വാനം.
മസ്ജിദ് സര്‍വേ നടത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കും 'ശ്രീരംഗപട്ടണ ചലോ' സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിന്ദു ഭക്തരെയും പ്രവര്‍ത്തകരെയും ശ്രീരംഗപട്ടണത്തിലേക്ക് കടക്കുന്നത് തടയുമെന്ന് പോലീസ് അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.  നിശ്ചിത പോയിന്റ് വരെ ഭജന പാടാന്‍ അനുവദിക്കുമെന്നും അതിനപ്പുറം പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
അതിനിടെ നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജാമിഅ മസ്ജിദില്‍ പ്രവേശിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി വി.എച്ച്.പി നേതാവ് പുനിത്ത് പറഞ്ഞു.
ഞങ്ങള്‍ സമാധാനപരമായി ഒത്തുകൂടി ഭജന പാടും. ഇക്കാര്യത്തില്‍ ഞങ്ങള്‍ ജില്ലാ അധികാരികൃതരില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്- അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട്  പറഞ്ഞു.
അധികൃതര്‍ സ്ഥലത്തെത്തി മസ്ജിദിന്റെ സര്‍വേ എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈസൂരിലെ  ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ പണി കഴിപ്പിച്ചതാണ് ജാമിഅ  മസ്ജിദ്. എന്നാല്‍ ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്നാണ് ഹിന്ദുത്വ നേതാക്കളുടെ അവകാശവാദം.  
ശ്രീരംഗപട്ടണം കോട്ടയ്ക്കകത്താണ് മസ്ജിദെ അല എന്ന പേരിലും അറിയിപ്പെടുന്ന ജാമിഅ മസ്ജിദ്. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് 1786-87 ലാണ് ഇത് നിര്‍മ്മിച്ചത്. മുഹമ്മദ് നബിയുടെ ഒമ്പത് പേരുകള്‍ പരാമര്‍ശിക്കുന്ന മൂന്ന് ലിഖിതങ്ങള്‍ പള്ളിയിലുണ്ട്.

 

Latest News