Sorry, you need to enable JavaScript to visit this website.

വോട്ട് കുറഞ്ഞു, നാണം കെട്ട് ബി.ജെ.പി

കൊച്ചി- എൽ.ഡി.എഫിനൊപ്പം തൃക്കാക്കരയിൽ കനത്ത തിരിച്ചടി നേരിട്ട്  ബി.ജെ.പിയും. സി ക്ലാസ് മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്ന് അവകാശപ്പെട്ട ബി.ജെ.പി നിലവിലുള്ള വോട്ട് പോലും നേടാനാവാതെ നാണംകെട്ടു. ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് ബിജെപി എം.എൽ.എയായി പോകുന്ന സ്ഥാനാർഥി താനായിരിക്കുമെന്ന് പോളിങ് ദിനത്തിൽ പരിഹാസ വാദമുയർത്തിയ എ.എൻ രാധാകൃഷ്ണന് 2021 ൽ ജില്ല നേതാവായ എസ്.സജി നേടിയതിനേക്കാൾ 2500 ലേറെ കുറവ് വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ എത്തിച്ച് കാടിളക്കിയുള്ള പ്രചാരണമായിരുന്നു ബി.ജെ.പി നടത്തിയത്. 
ഒരു ഭാഗത്ത് അതിക്രമങ്ങൾ നടത്തുമ്പോൾ തന്നെ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ സംരക്ഷക വേഷം അണിയാനുള്ള കുതന്ത്രവും വോട്ടർമാരിൽ ഏശിയില്ല. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് കിട്ടാനുള്ള പരമാവധി ശ്രമം ബി.ജെ.പി നടത്തിയിരുന്നു. ഇതിനായി സഭാ നേതൃത്വത്തെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാൻ സംസ്ഥാനാധ്യക്ഷൻ കെ.സുരേന്ദ്രനടക്കം രംഗത്തിറങ്ങുകയും ചെയ്തു. പൂഞ്ഞാറിൽ തോറ്റ ശേഷം തീവ്ര സംഘപരിവാർ നിലപാടുകൾ സ്വീകരിക്കുന്ന പി.സി ജോർജിനെ കൂട്ടി കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണം നടത്തിയതും വിലപ്പോയില്ല. ആകെ നേടാനായത് 9.57 ശതമാനം വോട്ടുകൾ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബിജെപിക്ക് വലിയ വോട്ട് കുറവാണ് മണ്ഡലത്തിലുണ്ടാവുന്നത്. 2016 ൽ 21,247 വോട്ടുകൾ ലഭിച്ച ബിജെപി 2021 ൽ 15,483 വോട്ടിലേക്ക് ചുരുങ്ങിയിരുന്നു. ഇത്തവണ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടും 12,955 വോട്ടുകളിലേക്ക് ചുരുങ്ങി. വൻ പരാജയം വരുംദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചകൾക്ക് വഴിയൊരുക്കും. 

Latest News