Sorry, you need to enable JavaScript to visit this website.

തൃക്കാക്കര വിജയം; സിൽവർ ലൈൻ പുനരാലോചനക്ക് വഴി തുറന്നേക്കും

തിരുവനന്തപുരം- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ വമ്പിച്ച വിജയം സിൽവർ ലൈൻ പദ്ധതിക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടിൽ പുനരാലോചനക്ക് വഴിതുറക്കും. തെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമെന്നതുപോലെ സിൽവർ ലൈൻ വിരുദ്ധതയുടെ കൂടി വിജയമാണ്.
സർക്കാരിന്റെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് പ്രവർത്തിച്ചിട്ടും വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ ഏറ്റതോടെ എൽ.ഡി.എഫിനുള്ളിൽനിന്ന് സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങൾ വരും ദിവസങ്ങളിൽ ശക്തിപ്പെടും. തൃക്കാക്കരയിൽ വികസനമാണ് സർക്കാർ മുന്നോട്ട് വെച്ചതെങ്കിലും സിൽവർ ലൈൻ പദ്ധിക്കു വേണ്ടിയുള്ള ജനവിധിയായി പൊതുവെയത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി തന്നെ മണ്ഡലത്തിൽ വന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സർക്കാരിന്റെ വികസന നയത്തിനെതിരെയുള്ള ജനവിധിയായിക്കൂടി തെരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്താം.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങളുടെ ഭൂമി നഷ്ടമാകുന്നില്ല. എന്നാൽ പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയാണ് തൃക്കാക്കരക്കാർ. ഈ സാഹചര്യത്തിൽ പദ്ധതിക്കനുകൂലമായ നിലപാട് ഉയർന്നുവരുമെന്നും തെരഞ്ഞെടുപ്പിലത് സർക്കാരിന് അനുകൂലമായി പ്രതിഫലിക്കുമെന്നുമാണ് വിലയിരുത്തിയത്. എന്നാൽ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ച് യു.ഡി.എഫ്. വൻ നേട്ടം കൊയ്തത് എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 
സി.പി.എമ്മിനുള്ളിൽ തന്നെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ മുറുമുറുപ്പുയരുന്നുണ്ട്. ഉൾപാർട്ടി ചർച്ചകളിലിത് ഉയർന്നുവന്നിട്ടുമുണ്ട്. ആർ.വി.ജി.മേനോനെപ്പോലെയുള്ള ഇടതുപക്ഷ സഹയാത്രികർ പ്രത്യക്ഷമായി തന്നെ പദ്ധതിക്കെതിരെ രംഗത്തു വന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.യു.ഡി.എഫ്. പദ്ധതിക്കെതിരെ ശക്തമായ സമരമാണ് നയിച്ചുവന്നത്. തൃക്കാക്കര മണ്ഡലത്തിൽ സിൽവർ ലൈൻ വിരുദ്ധ സമതിക്കാർ സർക്കാരിനെതിരെ പ്രചാരണം നടത്തിയിരുന്നു.
സർക്കാർ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി കടുംപിടുത്തം നടത്തിയാൽ ശബരിമല വിഷയത്തിലുണ്ടായതു പോലെയുള്ള രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന ഭയവും സർക്കാരിനുണ്ട്. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുമ്പോൾ സിൽവർ ലൈൻ പദ്ധതിയും ഉൾപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചവരിൽ യു.ഡിഎഫുകാർ മാത്രമല്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട സിൽവർ ലൈൻ വിരുദ്ധരുമുണ്ടെന്നതും കാണാതിരിക്കാനാവില്ല. സിൽവർ ലൈൻ കടന്നുപോകുന്നയിടങ്ങളിലെല്ലാം തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തെ ആഘോഷപൂർവമാണ് ജനം വരവേറ്റത്.
പദ്ധതിയുടെ സാമ്പത്തിക നിക്ഷേപത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അംഗീകാരം സംസ്ഥാന സർക്കാരിന് നൽകിയതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഇതുസംബന്ധിച്ചുള്ള പരാതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു.സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കേന്ദ്രം നൽകിയിട്ടില്ല. 
ഡി.പി.ആർ.അപൂർണമാണ്.പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡി.പി.ആറിലില്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽനിന്ന് സർക്കാരിന് പിടിവാശി ഉപേക്ഷിച്ച് പിൻവാങ്ങേണ്ടതായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര മന്ത്രി വി.മുരളീധരൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസിന് 25016 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഉമയ്ക്ക് 70098 വോട്ടും സി.പി.എം.സ്ഥാനാർത്ഥി ജോജോസഫിന് 45834 വോട്ടും ബി.ജെ.പിയുടെ എ.എൻ.രാധാകൃഷ്ണന് 12957 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുകയും ചെയ്തു.

Latest News