കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ പ്രോസിക്യൂഷന് ഹാജരാക്കുന്നത് പഴയ രേഖകളെന്ന് പ്രതിഭാഗം ആരോപിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന് ആരോപണം തെറ്റെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.
ദിലീപിന്റെ വീട്ടു ജോലിക്കാരനായ ദാസനെ ദിലീപിന്റെ അഭിഭാഷകന് കണ്ടു എന്നതുള്‍പ്പെടെയുള്ള ആരോപണം തെറ്റാണ് എന്ന് ദിലിപ് ബോധിപ്പിച്ചു. മാപ്പുസാക്ഷിയെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് കെട്ടുകഥയാണ് തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം ഇന്നലെ കോടതിയില്‍ നിരത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.
കേസില്‍ അതിജീവിതയ്ക്കൊപ്പമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിജീവിത ആവശ്യം പോലെ കോടതിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണത്തിനാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്.
അന്വേഷണ സംഘത്തിന് മേല്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത് - സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.