സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം; പരാതി നല്‍കാന്‍ അപ്പീല്‍ സമതി വരുന്നു

ന്യൂദല്‍ഹി-സമൂഹ മാധ്യമങ്ങളിലെ വിവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പരാതികളില്‍ അന്തിമ തീരുമാനം എടുക്കുന്നതിന്് അപ്പീല്‍ സമിതികളെ നിയോഗിക്കും. വ്യാഴാഴ്ച പുറത്തിറക്കിയ വിവരാകാശ നിയമങ്ങളിലെ കരട് ഭേദഗതിയില്‍ കേന്ദ്ര ഐടി മന്ത്രാലയം പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്.

കരട് ഭേദഗതി അനുസരിച്ച് സമൂഹ മാധ്യമങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് എതിരെ പരാതിയുമായി വ്യക്തികള്‍ക്ക് കോടതിയില്‍ പോകുന്നതിന് പകരം അപ്പീല്‍ സമിതിയെ സമീപ്പിക്കാം. ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ഒന്നില്‍ അധികം അപ്പീല്‍ പാനലുകള്‍ രൂപീകരിക്കുന്നതിനാണ് കരട് ഭേദഗതി ശുപാര്‍ശ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെ പരാതി (ഗ്രീവന്‍സ്) ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ക്ക് 30 ദിവസത്തിന് ഉള്ളിലാണ് അപ്പീല്‍ സമിതിയെ സമീപിക്കേണ്ടത്. അപ്പീലുകള്‍ ലഭിച്ച് 30 ദിവസത്തിന് ഉള്ളില്‍ സമിതി പരാതി പരിഗണിക്കണം. അപ്പീല്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പരിരക്ഷ നഷ്ടമാകും.

കേന്ദ്ര ഐടി നിയമത്തില്‍ 2021 ഫെബ്രുവരിയില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ച് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ പരാതികള്‍ കേള്‍ക്കുന്നതിന് പരാതി പരിഹാര ഓഫീസര്‍മാരെ നിയോഗിക്കുകയും 15 ദിവസത്തിനകം മറുപടി നല്‍കുകയും വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷക സമരത്തിന് അനുകൂലമായിട്ടുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിരവധി ട്വീറ്റുകള്‍ തടയുന്നതിന് ഉദ്യോഗസ്ഥര്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി 25ന് പ്രാബല്യത്തില്‍ വന്ന ഐടി നിയമ ഭേദഗതി അനുസരിച്ച് സര്‍ക്കാരുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിയമവരുദ്ധമെന്ന് ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും 36 മണിക്കൂറിന് ഉള്ളില്‍ നീക്കം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു. നിര്‍ദേശങ്ങള്‍ക്ക് വുരുദ്ധമായി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാതിരുന്നാല്‍ സര്‍ക്കാരിന് സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം. സര്‍ക്കാരുകള്‍ക്ക് പുറമേ വ്യക്തികള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്ഥാപനങ്ങളോട് ആവശ്യപെടാമെന്നും ഭേദഗതി വ്യക്തമാക്കുന്നു.   

 

Latest News