Sorry, you need to enable JavaScript to visit this website.

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റു

തൃശൂര്‍- വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക്  സ്‌കൂള്‍ വളപ്പില്‍ വെച്ച് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കുമരനെല്ലൂര്‍ സ്വദേശി അയ്യാത്ത് വീട്ടില്‍ അനില്‍ കുമാറിന്റെ മകന്‍  ആദേശിനാണ്(10) ഇന്നലെ രാവിലെ പാമ്പു  കടിയേറ്റത്. ഗവ.ബോയ്‌സ് എല്‍പി സ്‌കൂളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെയുള്ള കുട്ടികളെ അടുത്തുതന്നെയുള്ള ആനപ്പറമ്പ്  ഗവ.ഗേള്‍സ് എല്‍പി സ്‌കൂളിലേക്ക് മാറ്റിയിരുന്നു. കുട്ടികളെ ഇവിടെ വാഹനത്തില്‍ കൊണ്ടുവന്ന് ഇറക്കിയ ശേഷം കുട്ടികള്‍ ക്ലാസിലേക്ക് നടന്നു പോകുമ്പോഴായിരുന്നു  ആദേശിനെ പാമ്പു  കടിച്ചത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ തൃശൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രിയിലും  പ്രവേശിപ്പിച്ചു  . പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു  മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്‌തെന്നും  മെഡിക്കല്‍ കോളേജ്  ആശുപത്രി അധികൃതര്‍ അറിയിച്ചു.
വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി, നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരടക്കമുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരുന്നു. ആനപ്പറമ്പ്
 ഗവ.ഗേള്‍സ് എല്‍പിസ്‌കൂള്‍ കോമ്പൗണ്ടില്‍ ഉം  പരിസരത്തും മാലിന്യങ്ങളും വടക്കാഞ്ചേരി നഗരത്തില്‍ നിന്നും നീക്കം ചെയ്ത നോ പാര്‍ക്കിംഗ് ബോര്‍ഡുകളും മറ്റും കൊണ്ടുവന്ന് തള്ളിയിരിക്കുന്നതിനാല്‍ ഇഴജന്തുകള്‍ ധാരാളമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
കുട്ടിയെ  അണലിയാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചു.
അതേ സമയം സ്‌കൂളിനെ കുറിച്ച് പരാതിയില്ലെന്നും സ്‌കൂളില്‍ ശുചീകരണം പൂര്‍ത്തിയാക്കിയത് താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും ആദേശിന്റെ അച്ഛന്‍ അനില്‍കുമാര്‍ പറഞ്ഞു.
മന്ത്രി വി.ശിവന്‍കുട്ടി അനില്‍കുമാറുമായും ആശുപത്രി അധികൃതരും സ്‌കൂള്‍ അധികൃതരുമായും സംസാരിച്ചു. കുട്ടിയുടെ ആരോഗ്യവിവരങ്ങളും ചോദിച്ചറിഞ്ഞു. അതേ സമയം സ്‌കൂള്‍ മുറ്റത്തു  വെച്ച് കുട്ടിക്ക് പാമ്പ് കടിയേറ്റതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രധാനധ്യാപകന്റെ  ഓഫീസ് ഉപരോധിച്ചു.

 

Latest News