മാണ്ഡ്യ- ചരിത്രനഗരമായ ശ്രീരംഗപട്ടണത്തിലെ ജാമിഅ മസ്ജിദില്‍ ശനിയാഴ്ച കയറി പൂജ നടത്തുമെന്ന് ഹിന്ദു സംഘടനകളുടെ ചില നേതാക്കള്‍ പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത.
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ മാതൃകയില്‍ മസ്ജിദ് സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. 'ശ്രീരംഗപട്ടണ ചലോ' പരിപാടിയില്‍ പങ്കെടുക്കാന്‍ സോഷ്യല്‍ മീഡിയയിലും വിവിധ പരിപാടികളിലും ഇവര്‍ ആഹ്വാനം ചെയ്തിരിക്കയാണ്.
മസ്ജിദില്‍ പ്രവേശിക്കാനും അവിടെ പൂജ നടത്താനും ശ്രമിക്കുന്ന ഭക്തരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി അധികൃതര്‍ കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജാമിഅ മസ്ജിദിലും പരിസരങ്ങളിലും മാണ്ഡ്യ ജില്ലാ അധികൃതര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ നീട്ടാനും ആലോചിക്കുന്നു.
ഞങ്ങളുടെ ആവശ്യത്തില്‍ ജില്ലാ അധികാരികള്‍ പ്രതികരിക്കാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് 'ശ്രീരംഗപട്ടണ ചലോ' സമരത്തിന്റെ മുന്‍നിരയിലുള്ള വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്‌റംഗ്ദള്‍ നേതാക്കള്‍ പറഞ്ഞു.
പുതിയ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ജാമിഅ മസ്ജിദ് അധികൃതര്‍ പള്ളി സംരക്ഷിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
1786-87ല്‍ ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച ജാമിഅ മസ്ജിദ്, മസ്ജിദെ അല എന്നും അറിയപ്പെടുന്നു. ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ മുഹമ്മദ് നബിയുടെ ഒമ്പത് പേരുകള്‍ പരാമര്‍ശിക്കുന്ന മൂന്ന് ലിഖിതങ്ങളുണ്ട്.
ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് ജാമിഅ മസ്ജിദ് പണിതതെന്നാണ് പള്ളിയുടെ സര്‍വേയ്ക്കായി അധികാരികള്‍ക്ക് നിവേദനം നല്‍കിയ നരേന്ദ്ര മോഡി വിചാര്‍ മഞ്ച് പറയുന്നത്. ബ്രിട്ടീഷ് ചരിത്രകാരനും പുരാവസ്തു ഗവേഷകനും വിദ്യാഭ്യാസ വിചക്ഷണനുമായ ബി. ലൂയിസ് റൈസ് 1935ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പേജ് നമ്പര്‍ 61ല്‍ ഒരു ഹനുമാന്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചതായി അവര്‍ ഉദ്ധരിക്കുന്നു.