Sorry, you need to enable JavaScript to visit this website.

രഹസ്യപ്പട്ടികയിൽ ആരൊക്കെ? വാങ്ങുന്ന  കൈക്കൂലിക്ക് ഇനി കണക്ക് പറയേണ്ടി വരും

കോഴിക്കോട്- കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് നല്ല മുട്ടൻ പണി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസിലെ വിജിലൻസ് വിഭാഗം. സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ രഹസ്യമായി കണ്ടെത്തി അവരുടെ പട്ടിക തയാറാക്കി സദാ നിരീക്ഷിച്ചുകൊണ്ടിരിക്കാനാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ വകുപ്പിന്റെ തീരുമാനം. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങൾ നൽകുന്ന പരാതിയിലും കൃത്യമായ നിരീക്ഷണമുണ്ടാകും.
100 രൂപയുടെ ആനുകൂല്യം കിട്ടണമെങ്കിൽ 200 രൂപ കൈക്കൂലി നൽകണമെന്നതാണ് പല സർക്കാർ ഓഫീസുകളുടെയും അവസ്ഥ. ഒരു പൈസ പോലും കൈക്കൂലി ആവശ്യപ്പെടാതെ പൊതുജനങ്ങൾക്ക് നിസ്വാർഥമായി സേവനം നൽകുന്ന ആയിരക്കണക്കിന് സർക്കാർ ജീവനക്കാരുണ്ട്. എന്നാൽ അവർക്ക് പോലും പേരുദോഷം ഉണ്ടാക്കുന്ന രീതിയിൽ ആസ്ഥാന കൈക്കൂലിക്കാരും ഒരുപാടുണ്ട്. 
സർക്കാർ ഉദ്യോഗസ്ഥരുടെ കൈക്കൂലി വ്യാപകമാണെങ്കിലും പരാതി ലഭിക്കുമ്പോൾ മാത്രമേ ഇവരെ വിജിലൻസിന് പിടികൂടാൻ കഴിയുന്നുള്ളൂവെന്നതാണ് ഏറ്റവും വലിയ ന്യൂനത. വെറുതെ കൈക്കൂലിക്കാരനാണെന്ന് പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്താൽ കോടതിയിൽ നിന്ന് പണികിട്ടുക വിജിലൻസിന് തന്നെയാകും. തൊണ്ടി സഹിതം പിടികൂടിയാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ആരെങ്കിലും എപ്പോഴെങ്കിലും പരാതി നൽകിയാൽ മാത്രം ഒരു കൈക്കൂലിക്കാരനെ കിട്ടിയാലായി എന്നതാണ് സ്ഥിതി. വല്ലപ്പോഴും ഒരു കേസ് രജിസ്റ്റർ ചെയ്തതുകൊണ്ടൊന്നും കേരളത്തിൽ കൈക്കൂലി ഇല്ലാതാകില്ല. അതുകൊണ്ടാണ് കൈക്കൂലിക്കാരുടെ മേൽ ഒരു കണ്ണ് വെക്കാനായി ഇവരുടെ പട്ടിക തയാറാക്കുന്നത്. തങ്ങൾ നിരീക്ഷണത്തിലാണെന്ന് കരുതിയെങ്കിലും കുറേ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് നിർത്തുമെന്നാണ് വിജിലൻസിന്റെ കണക്ക് കൂട്ടൽ.
സംസ്ഥാനത്ത് റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ കൈക്കൂലിക്കാരെ പൊക്കിയിട്ടുള്ളത്. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് 846 കൈക്കൂലി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 134 സർക്കാർ ജീവനക്കാരെ ഇക്കാലയളവിൽ വിജിലൻസ് കൈയ്യോടെ പൊക്കിയിട്ടുമുണ്ട്. ഈ വർഷം ഇതുവരെ 30 കൈക്കൂലി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021 ൽ 84 ഉം 2020 ൽ 80 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 78 കൈക്കൂലി കേസുകൾ 2019 ലും 89 കേസുകൾ 2018 ലും രജിസ്റ്റർ ചെയ്തു. 2017 ൽ 149 കൈക്കൂലി കേസുകളാണ് ഉണ്ടായിരുന്നത്. 2016 ൽ കൈക്കൂലിക്കാരുടെ വിളയാട്ടമായിരുന്നു. ആ വർഷം 338 കൈക്കൂലി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വിവിധ വർഷങ്ങളിലായി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന കേസുകളിൽ 65 മുതൽ 88 ശതമാനം വരെ  പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നുണ്ട്.
പാവപ്പെട്ടവനിൽ നിന്ന് 100 രൂപ ഇരന്നു വാങ്ങുന്നവർ മുതൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നവർ വരെയുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ കൈക്കൂലി കേസിൽ നേരിട്ട് പിടിയിലായവർ ഏറ്റവും കൂടുതലുള്ളത് റവന്യൂ വകുപ്പിലാണ്. പിടിയിലാകാത്ത പതിനായിരക്കണക്കിന് കൈക്കൂലിക്കാരുണ്ടാകുമെന്നതാണ് യാഥാർത്ഥ്യം. ആറു വർഷത്തിനുള്ളിൽ 31 ജീവനക്കാരാണ് റവന്യൂ വകുപ്പിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പണം സഹിതം പിടിയിലായത്. വേലി തന്നെ വിളവ് തിന്നുന്നു എന്ന രീതിയിൽ തൊട്ടടുത്ത് നിൽക്കുന്നത് പോലീസ് വകുപ്പാണ്. 18 പോലീസുകാരെയാണ് ആറു വർഷത്തിനുള്ളിൽ സ്വന്തം വകുപ്പിന് കീഴിലുള്ള വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. നഗരസഭകളിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് പിടിക്കപ്പെട്ടവരുടെ കാര്യത്തിൽ മൂന്നാമത്. 15 പേരാണ് ഇവിടെ നിന്ന് പിടിയിലായത്. തൊണ്ടി സഹിതമാണ് പിടിക്കപ്പെടുന്നതെന്നതിനാൽ ഇവരിൽ നല്ലൊരു ശതമാനവും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാരിൽ വിരലിലെണ്ണാവുന്നർ മാത്രമേ പിടിക്കപ്പെടുന്നുള്ളൂവെന്ന് വിജിലൻസ് ആന്റ് കറപ്ഷൻ അധികൃതർ പറയുന്നു. കോടിക്കണക്കിന് രൂപയും വിവിധ സമ്മാനങ്ങളും സർക്കാർ വകുപ്പുകളിൽ ഓരോ വർഷവും കൈക്കൂലി ഇനത്തിൽ കൈമറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വിജിലൻസിന് കൃത്യമായ ബോധ്യവുമുണ്ട്. എന്നാൽ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി പറയാൻ പൊതുജനങ്ങൾ മടി കാണിക്കുകയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. കൈക്കൂലിക്ക് വേണ്ടി അത്രയധികം ബുദ്ധിമുട്ടിച്ചാൽ മാത്രമേ പരാതിയുമായി ആരെങ്കിലും എത്തുകയുള്ളൂ. കൈക്കൂലി നൽകിയാലും തരക്കേടില്ല, കാര്യങ്ങൾ എളുപ്പം നടന്നു കിട്ടുമല്ലോയെന്ന ചിന്തയാണ് എല്ലാവർക്കുമുള്ളത്. ഇത് കൈക്കൂലിയെ ഒരു അവകാശമായി മാറ്റുകയാണെന്നും വിജിലൻസ് അധികൃതർ പറയുന്നു.
നേരിട്ട് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ തുടങ്ങി പുറമെ നിന്നുള്ള ഏജന്റുമാരെ വെച്ചും കീഴുദ്യോഗസ്ഥൻമാരെ ഉപയോഗപ്പെടുത്തിയുമെല്ലാം കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ട്. താഴ്ന്ന ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് ഉയർന്ന ഉദ്യോഗസ്ഥർ പലപ്പോഴും കൈക്കൂലി വാങ്ങാനായി നിയോഗിക്കുക. ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങാനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെ നിയോഗിക്കുന്നവരുണ്ട്. പണം മുതൽ വീട്ടു സാധനങ്ങളും മക്കളുടെ വിദ്യാഭ്യാസ ചെലവും ഉല്ലാസയാത്രക്കുള്ള ചെലവും വരെ കൈക്കൂലിയായി ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്ന് വിജിലൻസ് അധികൃതർ പറയുന്നു. ഓരോ ദിവസവും കിട്ടുന്ന മൊത്തം കൈക്കൂലിപ്പണം അതാത് ദിവസം തന്നെ ഓഫീസിലെ ജീവനക്കാർ എല്ലാവരും കൂടി വീതിച്ചെടുക്കുന്ന പരിപാടിയുമുണ്ട്. ജീവനക്കാരുടെ തസ്തികകൾക്കനുസരിച്ചാണ് ഓരോരുത്തരുടെയും വിഹിതം നിശ്ചയിക്കുക. പൊതുമരാമത്ത് വകുപ്പ് ഓഫീസിലും മറ്റും കരാർ പണികളുടെ തുകയ്ക്കനുസരിച്ച് ശതമാനക്കണക്കിലാണ് കൈക്കൂലി നിശ്ചയിക്കുക.
കൈക്കൂലി സംബന്ധിച്ച പരാതി നൽകിയാൽ കോടതി കയറിയിറങ്ങണമെന്ന ചിന്തയാണ് പലപ്പോഴും പരാതി നൽകുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതെന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കോടതിയിൽ മൊഴി നൽകാൻ എത്തേണ്ട ചുമതല മാത്രമേ പരാതിക്കാരനുള്ളൂ. ബാക്കിയെല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. 
സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് പൊതുപ്രവർത്തകരുടെ ഭാഗത്ത് നിന്നടക്കം നിരവധി പരാതികൾ വരുന്നുണ്ട്. എന്നാൽ ആരുടെയെങ്കിലും കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ മാത്രമേ നേരിട്ട് പിടികൂടാനാകൂ. അല്ലാത്ത പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പരാതികളിൽ തൊണ്ടി മുതലില്ലാത്തതിനാൽ വിചാരണയും സാക്ഷിവിസ്താരവുമൊക്കെയായി കേസ് ഒരുപാട് നീണ്ടുപോകും. മാത്രമല്ല നേരിട്ടുള്ള തെളിവുകളുടെ അഭാവം മൂലം തൊണ്ടിയില്ലാത്ത മിക്ക കേസുകളും വിട്ടുപോകുകയും ചെയ്യും.

 

Latest News