ചില്ലുമാളികയില്‍ നിന്ന് സമ്പന്നതയുടെ ആലസ്യവുമായി വന്ന ഒരുകാലിനും പന്ത് വഴങ്ങിക്കൊടുത്ത ചരിത്രമില്ല. അധ്വാനത്തിന്റെ വിയര്‍പ്പ് മണക്കുന്ന വീടുകളില്‍ നിന്നാണ് ലോകത്തെ വിസ്മയിപ്പിച്ച എല്ലാ പന്താട്ടക്കാരുണ്ടായിട്ടുള്ളത്, അവര്‍ അനുഭവിച്ച ദാരിദ്ര്യത്തിന്റെ നിഴലാട്ടങ്ങളാണ് അവരുടെ കാലുകളിലെ മായാജാലങ്ങളായി മാറിയത്.
വറ്റില്ലാവെള്ളം കുടിച്ച്, കുടിലിലുറങ്ങി, പാട്ടയും കുപ്പിയും പെറുക്കിവിറ്റാണ് കൊച്ചമ്മു നമുക്ക് ഐ.എം.വിജയനെ തന്നത്. അച്ഛന്‍ ചന്തു തെങ്ങുകയറിയും അമ്മ സരള കൂലിപ്പണിക്ക് പോയുമാണ് അനുരാഗ് എന്ന പുതിയ താരത്തെ കേരളത്തിന് സമ്മാനിച്ചത്.
ഫുട്ബാളിന്റെ രസതന്ത്രവും അതിന്റെ കടും നിറമുള്ള അനുഭവങ്ങളും ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ്. പെലെയെ സാഹചര്യം കടല കള്ളനാക്കിയിരുന്നെങ്കില്‍, അതെ അനുഭവങ്ങളിലൂടെ കടന്നുപോയ ജോര്‍ജ് മുത്തുമാര്‍ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. റൂണിയുടെ അച്ഛന്‍ ഖനി തൊഴിലാളിയായിരുന്നെങ്കില്‍ അനസിന്റെ ഉപ്പ ടാക്‌സി െ്രെഡവര്‍ ആയിരുന്നു. ഒറ്റമുറി വീട്ടില്‍ നിന്ന് പട്ടിണിയുടെ മെഡല്‍ കഴുത്തിലണിഞ്ഞാണ് മറഡോണ വന്നിരുന്നതെങ്കില്‍ വെട്ടുകാട്ടെ വറുതിയില്‍ നിന്ന് വന്നവരായിരുന്നു തോമസ് സെബാസ്റ്റ്യന്‍ മുതലുള്ളവര്‍.
പാചകക്കാരിയുടെ മകനായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ എങ്കില്‍ ഒരു കളികാണാനുള്ള പൈസക്ക് വല്ലിയുമ്മമാരുടെ കോന്തലപിടിച്ച് കരഞ്ഞവരായിരിക്കും ഏറനാട്ടിലെ കളിക്കാരെല്ലാം. ഡാനി ആല്‍വേസ് അച്ഛനൊപ്പം കന്നുപൂട്ടാന്‍ പോയിരുന്നെങ്കില്‍ കണ്ണൂരും തൃശൂരും പാലക്കാടുമുള്ള നമ്മുടെ കളിക്കാരിലധികവും കര്‍ഷകപുത്രന്മാര്‍ തന്നെ.
കുഞ്ഞുമെസിക്ക് മരുന്ന് വാങ്ങാന്‍ 10 ഡോളര്‍ ഇല്ലായിരുന്നെങ്കില്‍, ബൂട്ടുവാങ്ങാന്‍ പണമില്ലാതെ കരഞ്ഞവരില്‍ നമ്മുടെ ബാലനും ഹമീദുമൊക്കെ ഉണ്ടായിരുന്നു. പ്രിയപ്പെട്ട അനുരാഗ്, ഫുട്ബാള്‍ നമ്മുടെ കളിയാണ്, അതിലെ താരങ്ങളും നമ്മളില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കും.
- ജാഫര്‍ ഖാന്‍ (ഫുട്‌ബോള്‍ നിരൂപകന്‍)