അയോധ്യ-രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിട്ടു. രാമക്ഷേത്രം അധിനിവേശക്കാര്‍ക്കെതിരായ ഇന്ത്യയുടെ വിജയമാണെന്നും രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് ശേഷം 2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉദ്ഘാടനം ചെയ്തിരുന്നത്.
അടിത്തറ നിര്‍മിച്ചു കഴിഞ്ഞ പ്രധാന ക്ഷേത്രത്തിന്റെ അടുത്ത ഘട്ട നിര്‍മാണത്തിന്റെ ശിലാ പൂജയാണ് ബുധനാഴ്ച നടന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിന്റെ ഈ ഭാഗം നിര്‍മ്മിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും സാന്നിധ്യത്തില്‍ മന്ത്രോച്ചാരണങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രി ആദിത്യനാഥ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
ഇത് അധിനിവേശക്കാര്‍ക്കെതിരായ ഇന്ത്യയുടെ വിജയമാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ മഹത്തായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
1992 ലാണ് ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. രാമന്റെ ജന്മസ്ഥലത്തെ അടയാളപ്പെടുത്തുന്ന ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നും മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ബാബറിന്റെ കല്‍പ്പനപ്രകാരം തകര്‍ക്കപ്പെട്ടതാണെന്നും വാദിച്ചുകൊണ്ടാണ് മസ്ജിദ് തകര്‍ത്തത്.
ഈ ക്ഷേത്രം ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായിരിക്കുമെന്നും ഇത് രാജ്യത്തിന്റെ രാഷ്ട്രീയ മന്ദിര്‍ ആയിരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഭക്തര്‍ അനുഭവിച്ച 500 വര്‍ഷത്തെ വേദന അവസാനിക്കാന്‍ പോകുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഇത് വളരെ സവിശേഷമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിശ്വാസത്തെയാണ് അധിനിവേശക്കാര്‍ ആക്രമിച്ചത്. അവസാനം ഇന്ത്യ വിജയിച്ചു. സത്യമേവ ജയതേ എന്ന മുദ്രാവാക്യം അതിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി തെളിയിച്ചു. ധര്‍മ്മം, സത്യം, നീതി എന്നിവയുടെ പാതയിലൂടെയാണ് വിജയം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശോക് സിംഗാളിനെപ്പോലുള്ള വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെയും ആര്‍എസ്എസുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടേയും ശ്രമങ്ങളണ് വിജയിച്ചത്. നീതിയുടെയും സത്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ വിജയത്തില്‍നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന പുതിയ പ്രചോദനം കൂടി ഈ ദിനം നല്‍കുന്നു. ക്ഷേത്ര നിര്‍മാണം
ഇനി വഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ക്ഷേത്രം അയോധ്യയില്‍ പണികഴിപ്പിക്കപ്പെടുകയും രാജ്യത്തെയും ലോകത്തെയും എല്ലാ സനാതന ഭക്തരുടെയും വിശ്വാസത്തിന്റെ പ്രതീകമായി അത് മാറുന്ന ദിവസവും വിദൂരമല്ല. രാമജന്മഭൂമി ക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും രണ്ടാം ഘട്ടം ഇപ്പോള്‍ ആരംഭിക്കുകയാണെന്നും ഉപമുഖ്യമന്ത്രി മൗര്യ നേരത്തെ പറഞ്ഞിരുന്നു. രാമഭക്തര്‍ക്ക് വലിയ സന്തോഷത്തിന്റെ ദിനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പുണ്യനഗരത്തിലെ ക്ഷേത്രങ്ങള്‍ പുഷ്പങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഈ നിമിഷത്തില്‍ രാജ്യമെമ്പാടും ആവേശമുണ്ടെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍, വലിയ ക്ഷേത്രം കാണാന്‍ ഭക്തര്‍ പ്രതീക്ഷയോടെ കഴിയുകയാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിന്റെ മഹത്തായ നിര്‍മ്മാണം അവര്‍ക്ക് കാണാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.