Sorry, you need to enable JavaScript to visit this website.

നിരാഹാര സമരത്തിനിടെ ഒരു ലഞ്ച് ബ്രേക്ക്; അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പറ്റിയ അമളി

വെല്ലൂര്‍- കാവേരി നദീജല വിതരണത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ സമരം നടത്തി വരികയാണ്. പ്രതിഷേധ പ്രകടനങ്ങളും നിരാഹാര സമരങ്ങളുമെല്ലാം പല ജില്ലകളിലും നടന്നു വരുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഭരണകക്ഷിയായ അണ്ണാ ഡിഎംകെ സംസ്ഥാന വ്യാപകമായി നടത്തിയ നിരാഹാര സമരത്തിന്റെ ഭാഗമായി വെല്ലൂരില്‍ നടത്തിയ ഏകദിന നിരാഹാര സമരം മറ്റൊരു കാരണത്താല്‍ ശ്രദ്ധേയമായി. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വെല്ലൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിലാണ് പകല്‍ നിരാഹാര സമരത്തിനിരുന്നത്. 

രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ ആയിരുന്നു നിരാഹാര സമരമെങ്കിലും ഉച്ചയ്ക്ക് ഒരു ലഞ്ച് ബ്രേക്കുണ്ടായിരുന്നു എന്നതാണ് ഈ സമരത്തെ വേറിട്ടു നിര്‍ത്തിയത്. സാധാരണ നാരങ്ങാ വെള്ളമോ, വെറും വെള്ളമോ കുടിച്ചാണ് നിരാഹാരം അവസാനിപ്പിക്കാറുള്ളത്. എന്നാല്‍ വെല്ലൂരില്‍ വിശന്നു വലഞ്ഞു സമരം ചെയ്ത അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വെള്ളമൊക്കെ മാറ്റി ബിരയാണിയാണ് തട്ടിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം സൂചിപ്പിക്കുന്നത് ഇതു ബിരായാണികാം എന്നാണ്. നിരാഹാര സമരത്തിനിടെയാണ് ഈ ഉച്ചഭക്ഷണ ഇടവേള എന്നോര്‍ക്കണം.

സമര സ്ഥലത്ത് നിന്നും ഇരുന്നും ബിരിയാണി തട്ടുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നീട് ട്രോളുകളുടെ പൊങ്കാലയായിരുന്നു. വെല്ലൂരിലും പുതുക്കോട്ടെയിലും അണ്ണാ ഡിഎംകെ നടത്തിയ സമരങ്ങളുടെ ചിത്രങ്ങള്‍ അവരുടെ ആത്മാര്‍ത്ഥ വെളിവാക്കുന്നതായിരുന്നു. 

ചെന്നൈയില്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിയുടേയും ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തിന്റേയും നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നടങ്കം നിരാഹാരമിരുന്നു. 

Latest News