ന്യൂദല്‍ഹി- സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എല്ലാ പൊതുതാല്‍പര്യ ഹരജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ല. ഇക്കാര്യത്തില്‍ സിബിഎസ്ഇ നടപടി സ്വീകരിച്ചുകൊള്ളുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ദല്‍ഹിയിലും ഹരിയാനയിലും മാത്രമായി പുനഃപരീക്ഷ നടത്തുന്നതിനെയും ബാക്കി സംസ്ഥാനങ്ങളില്‍ നടത്താത്തതിനെയും ചോദ്യം ചെയ്തുള്ള ഏഴ് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അതേസമയം, പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കണക്ക് പരീക്ഷ വീണ്ടും നടത്തുകയാണെങ്കില്‍ തന്നെ അത് ദല്‍ഹിയിലും ഹരിയാനയിലും മാത്രമായിരിക്കുമെന്ന് നേരത്തെ സിബിഎസ്ഇ വ്യക്തമാക്കിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതിയിലേത്തിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിചമചമ സിബിഐ അന്വേഷിക്കണമെന്നും വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.