കൊച്ചി -തൃക്കാക്കരയിൽ പോളിങ് സമയം പൂർത്തിയായപ്പോൾ 68.73 ശതമാനം പേർ വോട്ട് ചെയ്തു. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. മഴ മാറിനിന്നതിനാൽ രാവിലെ മുതൽ കനത്ത പോളിങായിരുന്നു. സൂപ്പർസ്റ്റാർ മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും രാവിലെ തന്നെ വോട്ടുചെയ്യാനെത്തി. ഇനി വെള്ളിയാഴ്ച വരെ ഫലം അറിയാനുള്ള കാത്തിരിപ്പാണ്.
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈൻ ജംക്ഷനിലെ ബൂത്ത് 50 ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ ബൂത്ത് 140 ലും വോട്ടു രേഖപ്പെടുത്തി.
രാവിലെ 10 വരെ 23.79 ശതമാനമായ പോളിങ് 11 മണി ആയപ്പോൾ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളില്‍ 39.31% പോളിങ് രേഖപ്പെടുത്തി. ആറാം മണിക്കൂറിൽ പോളിങ് 45% പിന്നിട്ടു. ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി. അതിനിടെ വൈറ്റില പൊന്നുരുന്നി ബൂത്തിൽ കള്ളവോട്ടിനു ശ്രമിച്ച ഒരാൾ പിടിയിൽ. യുഡിഎഫ് ബൂത്ത് ഏജന്റുമാരാണ് പരാതിപ്പെട്ടത്.