അഹമ്മദാബാദ്- മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരും. കഴിഞ്ഞ ദിവസം ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ജൂണ്‍ രണ്ട് വ്യാഴാഴ്ചയായിരിക്കും അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ നാളെ ബി.ജെ.പിയില്‍ ചേരില്ലെന്നും എന്തെങ്കിലും സഭവിക്കുന്നുണ്ടെങ്കില്‍ മാധ്യമങ്ങളെ അറിയിക്കുമെന്നുമായിരുന്നു ഞായറാഴ്ച അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു വ്യക്തമാക്കിയത്.
ഹാര്‍ദിക് തെറ്റായ പാര്‍ട്ടിയില്‍ ചേര്‍ന്നെന്നാണ് താന്‍ മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ പിതാവ് പറഞ്ഞെതന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നതായി ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ബി.ജെ.പിയില്‍ ചേരുന്നതിനെപ്പറ്റി മെയ് 23ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ 10 ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്. കോണ്‍ഗ്രസിനൊപ്പം സഞ്ചരിച്ചപ്പോള്‍ നേടാതിരുന്നതു നേടുമെന്നും ഗുജറാത്തിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ തടസ്സമുണ്ടാക്കുകയാണെന്നും എല്ലാത്തിനെയും എതിര്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഹാര്‍ദിക് പട്ടേല്‍ കത്തെഴുതുകയും ചെയ്തിരുന്നു.