ഹൈദരാബാദ്- സലാര്‍ ജംഗ് മ്യൂസിയത്തില്‍ നടന്ന സ്വാതന്ത്ര്യ മഹോത്സവ പരിപാടികളില്‍ സ്വാതന്ത്ര്യ സമര സേനാനികളെ അവഗണിച്ചതില്‍ പ്രതിഷേധവുമായി മുന്‍ രാജ്യസഭാംഗം വി ഹനുമന്ത് റാവു.
ഹിന്ദു മഹാസഭ നേതാവ് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം അറിയിക്കുന്ന നിവേദനം കൈമാറാനാണ് റാവു സലാര്‍ ജംഗ് മ്യൂസിയത്തിലെത്തിയത്. യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പകരം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത് സ്വാതന്ത്ര്യ സമര നായകരെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
'ആരാണ് സവര്‍ക്കര്‍? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി അദ്ദേഹത്തിന് എന്താണ് ബന്ധം- റാവു ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ പ്രവര്‍ത്തിച്ച ആര്‍എസ്എസ് അംഗം മാത്രമായിരുന്നു സവര്‍ക്കര്‍- അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രം അപ്രധാനമായി ഉള്‍പ്പെടുത്തുകയായിരുന്നു.
ആധുനിക ഇന്ത്യയുടെ ശില്‍പിയെ അവഗണിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഈ വിഷയത്തില്‍ നടന്ന ഗുഢാലോചനയെ കുറിച്ച് അന്വേഷണം നടത്തണം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ വിമോചനത്തിനായി എണ്ണമറ്റ ത്യാഗങ്ങള്‍ സഹിച്ച യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പകരം സവര്‍ക്കറെയും ഹെഡ്‌ഗേവാറിനെയും സ്വാതന്ത്ര്യ സമര സേനാനികളായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭഗത് സിംഗിന്റെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെയും ചിത്രങ്ങള്‍ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ശ്രീകാന്ത് ഗൗഡ്, എസ്.പി ക്രാന്തി കുമാര്‍, പ്രഭാകര്‍, രാം മോഹന്‍ റാവു, നവീന്‍ കുമാര്‍, സായ് കുമാര്‍ തുടങ്ങിയവര്‍ നിവേദനം സമര്‍പ്പിക്കുമ്പോള്‍ സന്നിഹിതരായിരുന്നു.