ഹൈദരാബാദ- ഭർത്താവിന് വനിതാ സുഹൃത്തുമായുള്ള അടുപ്പത്തെച്ചൊല്ലിയുള്ള സംശയത്തെത്തുർന്ന് ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവിന്റെ ഭാര്യയാണ് പീഡനക്കേസിൽ അറസ്റ്റിലായത്. യുവതിയ്ക്ക് പുറമെ വാടക ഗുണ്ടകളും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ഹൈദരാബാദിലെ ഗച്ചിബൗളിയിലാണ് ക്രൂരസംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് ഭാര്യയുൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ ഭർത്താവിന് പുറമെ വനിതാ സുഹൃത്തും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. കുട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഭാര്യയ്ക്കും മറ്റു വാടക ഗുണ്ടകൾക്കുമെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 32കാരനായ യുവാവിനെ വനിതാ സുഹൃത്ത് കോച്ചിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വെച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദത്തിലായതോടെ ഇവർ യുവാവിന്റെ വീട്ടിൽ വരാൻ തുടങ്ങി. പിന്നീട് ഇവിടെ താമസിക്കാനും ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
'2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ യുവതി ഇവരുടെ വീട്ടിൽ കഴിഞ്ഞു. ആദ്യം എല്ലാം നല്ല രീതിയിലായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവ് വനിതാ സുഹൃത്തുമായി അടുപ്പത്തിലാണെന്ന് ഭാര്യയ്ക്ക് സംശയം തോന്നി' ഗച്ചിബൗളി ഇൻസ്‌പെക്ടർ സുരേഷ് പറഞ്ഞു. ഇവരുടെ ബന്ധത്തെച്ചൊല്ലി തർക്കം ആരംഭിച്ചതോടെ വനിതാ സുഹൃത്ത് വീട്ടിൽ നിന്ന് താമസം മറി. പക്ഷേ പ്രശ്‌നം ഇതുകൊണ്ട് അവസാനിച്ചില്ല.
മെയ് 26ന് പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ എന്ന് പറഞ്ഞ് യുവാവിന്റെ ഭാര്യ വനിതാ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു. മാതാപിതാക്കക്കൊപ്പമായിരുന്നു യുവതി വീട്ടിലേക്ക് എത്തിയത് എന്നാൽ ഒറ്റയ്ക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ പുറത്ത് നിർത്തി ഇവരെ വീട്ടിനകത്ത് കയറ്റുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് അവിടെ അഞ്ച് പുരുഷന്മാരുണ്ടെന്ന് ഇവർ അറിയുന്നത്.
ആറുപേരും ചേർന്ന് തന്നെ നിലത്തിട്ടാണ് ആക്രമിച്ചതെന്നാണ് വനിതാ സുഹൃത്തിന്റെ പരാതിയിൽ പറയുന്നത്. വായിൽ തുണിതിരുകി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും ഒടുവിൽ ശബ്ദം കേട്ടെത്തിയ മാതാപിതാക്കളാണ് തന്നെ രക്ഷിച്ചതെന്നും പരാതിയിലുണ്ട്. പരാതിയ്ക്ക് തൊട്ടുപിന്നാലെയാണ് ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്.