ദോഹ-വെല്ലുവിളികള്‍ നിറഞ്ഞ കിടമത്സരത്തിന്റെ ലോകത്ത് മന:സ്ഥിതിയെ ക്രിയാത്മകമായി മാറ്റുന്നതിലൂടെ മാത്രമേ വിജയത്തിലേക്ക് കുതിക്കാനാവുകയുള്ളൂവെന്ന് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ് ഗ്ലോബല്‍ ചെയര്‍മാനും ഖത്തറിലെ മീഡിയ പ്ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരിന്തല്‍മണ്ണ പോസീറ്റീവ് സര്‍ക്കിളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളും പ്രതിസന്ധികളും ജീവതത്തിന്റെ അനിവാര്യതകളാണ്. അവയെ നാം എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ക്രിയാത്മകവും രചനാത്മകവുമായ സമീപനത്തിലൂടെ ഏത് പ്രതിസന്ധിയേയും അവസരങ്ങളാക്കി മാറ്റാനും വിജയം സാക്ഷാത്കരിക്കാനും കഴിയുമെന്നാണ് അനുഭവ പാഠമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസ്ഥിതിയല്ല, മനസ്ഥിതിയാണ് മാറേണ്ടതെന്ന പോസീറ്റീവ് സര്‍ക്കിളിന്റെ മുദ്രവാക്യം ഏറെ പ്രസക്തമാണ്. പോസീറ്റീവ് എനര്‍ജികളും നൂതനമായ ആശയങ്ങളും വിനിമയം ചെയ്യുന്ന സര്‍ക്കിളുകള്‍ക്ക് സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങളും വിസ്മയകരമായ വിജയഗാഥകളും രചിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഡിയ ഫാക്ടറിയുടെ വെബ്സൈറ്റും ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന മിടുമിടുക്കന്‍ പരിപാടിയുടെ ബ്രോഷറും ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്തു.
ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ അധ്യക്ഷത വഹിച്ചു. സമ്മര്‍ദ്ദരഹിതമായ ഒരു ലോകവും ചിന്തകള്‍ക്കതീതമായ പരിഹാരവും നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ സുഹൃദ് ബന്ധങ്ങളുടെയും സാങ്കേതിക മികവിന്റെയും കേന്ദ്രമായി മാറുക എന്ന വലിയ ലക്ഷ്യമാണ് ഐഡിയ ഫാക്ടറിയുടെയും പോസീറ്റീവ് സര്‍ക്കിളിന്റെയും പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലകനും സാമ്പത്തിക വിദഗ്ധനുമായ വി. ഭരത് ദാസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മനസ്ഥിതി മാറുന്നതിലൂടെ വിജയം വരിച്ച പ്രമുഖരുടെ ചരിത്ര സ്മൃതികള്‍ അയവിറക്കി അദ്ദേഹം സദസിനെ ആസ്വാദനത്തിന്റെയും ചിന്തയുടെയും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോയി.
ഐഡിയ ഫാക്ടറി ബോര്‍ഡ് മെംബര്‍ ഗോപകുമാര്‍ പരിപാടി നിയന്ത്രിച്ചു. അല്‍ സലാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഷംസുദ്ദീന്‍, സില്‍വര്‍ മൗണ്ട് സ്‌ക്കൂള്‍ ഡയറക്ടര്‍ ഡോ. ഷമീം, മെഡി വേള്‍ഡ് ഹോള്‍ഡിംഗ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് ബോസ്, അഫ്സല്‍ ബാബു, മുഹമ്മദ് ഹാരിസ്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.