കൊച്ചി -തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് വി.ഡി.സതീശൻ. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയുന്നതുൾപ്പെടെയുള്ള ഏതെങ്കിലും ദോഷമായ ഫലം വന്നാൽ അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കും. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം കൂട്ടായ നേതൃത്വത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണം പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. യു.ഡി.എഫിന്റെ വോട്ട് കൂടും. വലിയ പോളിംഗ് ശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി .ടി തോമസ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കും. ഫീൽഡിൽ പ്രവർത്തിച്ച നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്ന് സതീശൻ വ്യക്തമാക്കി. ഒരു തെരഞ്ഞെടുപ്പിലും ഇല്ലാത്ത രീതിയിൽ കൂട്ടായ പ്രവർത്തനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട യുഡിഎഫാണ് നിശ്ചയിച്ചത്.
ചർച്ചകൾ നടന്നത് തങ്ങൾ മുന്നോട്ട് വെച്ച അജണ്ടയിലാണ്. എറണാകുളം ജില്ലയിലെ വികസനം ചർച്ച ചെയ്ത് ഒരു ഡസൻ പദ്ധതികൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. എൽഡിഎഫ് മുഖ്യമന്ത്രിമാരുടെ കാലത്ത് ഒരു പദ്ധതി പോലും കൊണ്ടുവന്നില്ല. കെ .റെയിൽ കമ്മീഷൻ റെയിലാണെന്ന് പറഞ്ഞു. കേരളത്തെ തകർക്കാനുള്ളതാണെന്ന് പറഞ്ഞു, കേരളത്തെ ശ്രീലങ്കയാക്കാനുള്ള പദ്ധതിയാണെന്ന് പറഞ്ഞു. ആ സന്ദേശം പൂർണ്ണമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. വ്യാജ വീഡിയോ ഉണ്ടാക്കി അതിന്റെ പുറകേ ചർച്ചകൾ വഴി തിരിച്ചുവിടാൻ എൽ.ഡ.ിഎഫ് ശ്രമിച്ചെങ്കിലും അത് അവർക്ക് ബൂമറാംഗായെന്നും വി .ഡി സതീശൻ പറഞ്ഞു.
ഒരു കള്ളവോട്ട് പോലും തൃക്കാക്കരയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവർ, വിദേശത്തുള്ളവർ എന്നിവരുടെ പട്ടിക തയ്യാറാക്കി. കള്ളവോട്ടിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. കള്ളവോട്ട് ചെയ്യുന്നത് സി.പി.എമ്മാണെന്ന് പകൽ പോലെ വ്യക്തമാണ്. കേരളത്തിൽ യു.ഡി.എഫിന് എവിടെയാണ് കള്ളവോട്ട് ഉള്ളതെന്ന് ജനങ്ങൾക്ക് അറിയാം. ഞങ്ങൾ പറയുന്നത് ഒരു കള്ളവോട്ട് പോലും ചെയ്യിക്കില്ലെന്നാണ്. ഞങ്ങളുടെ ഭൂരിപക്ഷം കുറയ്ക്കാൻ വോട്ടർപ്പട്ടികയിൽ കൃത്രിമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ 3,000ത്തിനും 4000ത്തിനും ഇടയിലുള്ള വോട്ടുകളാണ് ചേർക്കപ്പെടാതെ പോയത്. സി.പി.എം വോട്ടുകൾ ചേർത്തിരുന്നില്ല. അതിന്റെ ദേഷ്യം തീർത്തത് യു .ഡി .എഫിന്റെ 3000ത്തിലേറെ വോട്ടുകൾ പട്ടികയിൽ പേര് വരുത്താതെയാണ്.