തലശ്ശേരി- സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ അടിച്ചമർത്തുമെന്നും കലാപം അടിച്ചമർത്താനാണ് പോലിസിനു തോക്കും ലാത്തിയും കൊടുത്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോടിയേരി താഴെ വയലിൽ കൊല്ലപ്പെട്ട പുന്നോൽ ഹരിദാസന്റെ കുടുംബത്തിനുള്ള കുടുംബ സഹായ ഫണ്ട് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെ ഇല്ലാതാക്കാനാണു കേരളത്തിൽ ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിനു ഉദാഹരണമാണ് പുന്നോലിലെ ഹരിദാസൻ വധം. ആർ.എസ്.എസ് സ്വീകരിക്കുന്ന സമീപനത്തിനു സഹായിക്കലാണ് എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവർ ചെയ്യുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.വർഗീയ ശക്തികൾ അവസരം കാത്തിരിക്കുകയാണ്. എന്നാൽ ഇച്ഛാശക്തിയുള്ള മത നിരപേക്ഷതക്ക് വേണ്ടി നില കൊള്ളുന്ന ഒസർക്കാർ ഇവിടെയുള്ളപ്പോൾ ഇവരുടെ ഒരു അക്രമങ്ങളും തലപൊക്കാൻ അനുവദിക്കില്ലെന്നും കോടിയേരി ഓർമ്മിപ്പിച്ചു.
സർവ്വേ കല്ല് കൊണ്ടു പോയാൽ കെ.റെയിൽ പദ്ധതി ഇല്ലാതാവില്ല. എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും.
യു.ഡി.എഫിന്റെ തൃക്കാക്കര കോട്ട ഇത്തവണ തകരും. കുത്തക മണ്ഡലങ്ങൾ തകർത്ത ചരിത്രം ഇടതുപക്ഷത്തിനുണ്ട്. അതിനാൽ തന്നെ ഒരുവോട്ടെങ്കിലും അധികം ഭൂരിപക്ഷത്തിൽ ജോ ജോസഫ് വിജയിക്കുമെന്നും കോടിയേരി ഉറപ്പിച്ച് പറഞ്ഞു.വട്ടിയൂർകാവ്, കോന്നി അഴീക്കോട് തുടങ്ങിയ ഇങ്ങിനെയുള്ള കുത്തക മണ്ഡലങ്ങൾ കോൺഗ്രസിന് നഷ്ടപ്പെട്ടതുപോലെ തൃക്കാക്കരയും നഷ്ടപ്പെടും. സാധാരണ ഒരിക്കലും നമുക്ക് വോട്ട് ചെയ്യാതവർ പോലും ഇത്തവണ വോട്ട് ചെയ്യും. ഇത്തവണ ഞങ്ങൾ മാറി ചിന്തിക്കുകയാണെന്ന് പലരും അവിടെ നിന്ന് പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥി ജോ.ജോസഫിനെ കുറിച്ച് പലതും പറഞ്ഞ് നടക്കുകയാണ്. മുഖ്യമന്ത്രിയെക്കുറിച്ച് പോലും കെ.പി.സി.സി പ്രസിഡന്റ് മോശമായ വാക്ക് ഉപയോഗിച്ചു.
സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ കൂടി നിർമ്മിച്ചതോടെ എൽ.ഡി.എഫിന് അനുകൂലമായി ജനം ചിന്തിച്ചു തുടങ്ങി. വോട്ടെണ്ണി കഴിയുമ്പോൾ കോൺഗ്രസിന്റെ കോട്ട തകരുന്ന കാഴ്ച കാണാമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ചടങ്ങിൽ കാരായി രാജൻ അധ്യക്ഷനായി. എ.എൻ.ഷംസീർ എം.എൽ.എ., എം.വി ജയരാജൻ, എം.സി പവിത്രൻ, കെ .എം ജമുന റാണി തുടങ്ങിയവർ സംസാരിച്ചു.