ന്യൂദല്‍ഹി- യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 സിവില്‍ സര്‍വീസസ് പരീക്ഷയുടെ അന്തിമ ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യ നാല് റാങ്കുകളും വനിതകളാണ് നേടിയത്. ശ്രുതി ശര്‍മ്മ ഓള്‍ ഇന്ത്യ റാങ്ക് (എഐആര്‍ 1) നേടി, അങ്കിത അഗര്‍വാള്‍, ഗാമിനി സിംഗ്ല, ഐശ്വര്യ വര്‍മ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ഉത്കര്‍ഷ് ദ്വിവേദി അഞ്ചാം റാങ്ക് കരസ്ഥമാക്കി.
ടോപ്പര്‍ ശ്രുതി ശര്‍മ്മ ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് ബിരുദവും ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍നിന്ന് (ജെഎന്‍യു) ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന്, സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയാറെടുക്കാന്‍ ജാമിയ മില്ലിയ ഇസ്ലാമിയ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയില്‍ ചേര്‍ന്നു. ജാമിയ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയില്‍നിന്ന് 23 ഉദ്യോഗാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് യോഗ്യത നേടി.
'എന്റെ ഫലത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. പത്രങ്ങള്‍ വായിച്ച് സ്വന്തം കുറിപ്പുകള്‍ തയ്യാറാക്കുകയും മികച്ച അവതരണത്തിനായി ഉത്തരം എഴുതാനുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ തന്ത്രം. ഞാന്‍ സോഷ്യല്‍ മീഡിയയെ സമതുലിതമായ രീതിയില്‍ ഉപയോഗിച്ചു. എന്റെ ആദ്യ മുന്‍ഗണന യു.പി കേഡറാണെന്നും അവര്‍ പറഞ്ഞു.
എല്ലാം അവളുടെ പ്രയത്‌നമാണ്, അവള്‍ക്ക് പഠനത്തില്‍ മാത്രമായിരുന്നു താല്‍പ്പര്യം, വാസ്തവത്തില്‍, ഞങ്ങള്‍ക്ക് അവളോട് ഉറങ്ങാന്‍ പറയേണ്ടിവന്നു, അവള്‍ സോഷ്യല്‍ മീഡിയ പരിമിതമായേ ഉപയോഗിച്ചുള്ളു- ശ്രുതിയുടെ അമ്മ പറഞ്ഞു. അതേസമയം, ജാമിയ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയില്‍ പഠിച്ച 23 പേരാണ് സിവില്‍ സര്‍വീസിലെത്തുന്നത്. 'ജാമിയ കോച്ചിംഗ് അക്കാദമിയില്‍നിന്ന് 23 പേരെ തിരഞ്ഞെടുത്തു. ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്, അവളെ അഭിനന്ദിക്കാനാണ് ഇവിടെയെത്തിയത്-ജാമിയ മില്ലിയ ഇസ്ലാമിയ വി.സി നജ്മ അക്തര്‍ പറഞ്ഞു.