തൃശൂര്‍- വാനിലെത്തിയ സംഘം സൈക്കിളില്‍ പോയ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിയ്ക്കുകയും ചെയ്തു. തൃശൂര്‍ ചാലക്കുടി മേലൂരിയില്‍ ഉച്ചയോടെയാണ് സംഭവം.
സഹപാഠിയുടെ വീട്ടില്‍ പുസ്തകം വാങ്ങാന്‍ പോയതായിരുന്നു വിദ്യാര്‍ഥിനി. മടങ്ങിവരുന്നതിനിടെ വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും നിലത്ത് വീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദിച്ച ശേഷം കെട്ടിയിട്ട മുടി മുറിച്ച് റോഡിലിടുകയും ചെയ്തു.
നിലത്ത് വീണ് ബോധം പോയ പെണ്‍കുട്ടി ബോധം വന്ന ശേഷം കരയുന്നതു കേട്ട നാട്ടുകാരാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് കണ്ടത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൊരട്ടി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മര്‍ദനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.