ന്യൂദല്‍ഹി- കനത്ത ചൂടില്‍ വീര്‍പ്പുമുട്ടിയ ദല്‍ഹിക്ക് ആശ്വാസമായി ശക്തമായ മഴ. ആലിപ്പഴവര്‍ഷവും കൊടുങ്കാറ്റും അകമ്പടിയായെത്തിയ മഴ നിരവധി പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. പലയിടത്തും മരങ്ങള്‍ കടപുഴകി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി.
കാറ്റിന്റെ ശക്തിയില്‍ റോഡില്‍നിന്ന് കാറുകള്‍ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ദല്‍ഹിയില്‍ ശക്തമായ കാറ്റും മഴയുമായിരുന്നു.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. ദല്‍ഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയില്‍ കനത്ത ചൂടായിരുന്നു.