ന്യൂദൽഹി- സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 685 ഉദ്യോഗാർഥികൾ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വർമയ്ക്കാണ്. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ആദ്യ നൂറിൽ ഒൻപതു മലയാളികളുമുണ്ട്.
മലയാളികളിൽ ദിലീപ് കെ.കൈനിക്കരയാണ് ഒന്നാമത്. ചങ്ങനാശേരി സ്വദേശിയായ ദിലീപിന് 21ാം റാങ്ക് ലഭിച്ചു. ആദ്യ നൂറിലെ മറ്റു മലയാളികൾ. ബ്രാക്കറ്റിൽ റാങ്ക്: ശ്രുതി രാജലക്ഷ്മി (25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു (76) എന്നിങ്ങനെയാണ് മറ്റുള്ള റാങ്കുകൾ. വിജയിച്ചവരിൽ 244 പേർ പൊതുവിഭാഗത്തിലും 73 പേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലും 203 പേർ മറ്റ് പിന്നോക്ക വിഭാഗങ്ങളിലും 105 പേർ പട്ടികജാതിയിലും 60 പേർ പട്ടികവർഗത്തിലും പെട്ടവരാണെന്ന് കമ്മിഷൻ അറിയിച്ചു.