ബംഗളൂരു- കർഷക സമര നേതാവ് രാകേഷ് ടികായതിനു നേരെ ബംഗളൂരുവിൽ മഷിയേറ്. വാർത്താ സമ്മേളനത്തിനിടെ ടികായതിന്റെ മുഖത്തേക്ക് ഒരു സംഘമാളുകൾ മഷി ഒഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹാളിനകത്തു സംഘർഷമുണ്ടായി. ഭാരതീയ കിസാൻ യൂണിയൻ നേതാവായ ടിക്കായത്ത്, കർണാടകയിലെ കർഷക നേതാവ് പണം വാങ്ങുന്നതു ഒളിക്യാമറയിൽ കുടുങ്ങിയ സംഭവം വിശദീകരിക്കാനാണു വാർത്താസമ്മേളനം വിളിച്ചത്.
വാർത്താസമ്മേളനം നടക്കുന്നതിനിടെ കുറച്ചുപേർ ടികായതിനു മുന്നിലേക്കു വരികയും മഷിയെറിയുകയുമായിരുന്നു. അക്രമികളെ തടയാനുള്ള ശ്രമം കൂട്ടത്തല്ലിൽ കലാശിച്ചു. 'വേദിയിൽ യാതൊരു സുരക്ഷയും ബി.ജെ.പി സർക്കാർ ഒരുക്കിയില്ലെന്നും സർക്കാരിന്റെ അറിവോടെയാണ് ഈ അക്രമണമുണ്ടായതെന്നും ടിക്കായത്ത് പറഞ്ഞു.