ഇസ്ലാമാബാദ്-പാക്കിസ്ഥാനില്‍ അധികാരത്തിലേറിയ ഫെഡറല്‍ സഖ്യസര്‍ക്കാരിനെ 'അമേരിക്കന്‍ അടിമകള്‍' എന്ന ആക്ഷേപത്തോടെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
അമേരിക്കന്‍ അടിമകള്‍ പാക്കിസ്ഥാനില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി വില കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്വതന്ത്രമാണെങ്കിലും നമ്മള്‍ പാക്കിസ്ഥാനികള്‍ അമേരിക്കയുടെ അടിമകളാണെന്നാണ് ഇത് കാണിച്ചുതരുന്നതെന്ന് ചര്‍സദ്ദയിലെ ഷെയ്കാബാദില്‍ തൊഴിലാളി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാന്‍ പറഞ്ഞു.
അമേരിക്കയുടെ ഉപരോധം വകവയ്ക്കാതെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത ഇന്ത്യ സ്വതന്ത്ര വിദേശനയം പിന്തുടരുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.
30 ശതമാനം വിലക്കുറവില്‍ എണ്ണ വാങ്ങാന്‍ റഷ്യയുമായി തങ്ങളുടെ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഗൂഢാലോചനയിലൂടെയാണ് സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ പുരോഗതി ത്വരിതപ്പെടണമെങ്കില്‍ സ്വതന്ത്ര വിദേശനയം അനിവാര്യമാണെന്ന് ഇമ്രന്‍ ഖാന്‍ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും അവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, പഞ്ചാബ് മുഖ്യമന്ത്രി ഹംസ ഷെഹ്ബാസ് എന്നിവരോട് രാജ്യം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജയിലില്‍ അടയ്ക്കുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറക്കുമതി ചെയ്ത സര്‍ക്കാരിനെ താഴെയിറക്കാന്‍ തന്റെ പാര്‍ട്ടി ഉടന്‍ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം മറ്റൊരു ലോംഗ് മാര്‍ച്ചിന് തയ്യാറാകാന്‍ യുവാക്കളെ ആഹ്വാനം ചെയ്തു.
അവകാശങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.