റായ്പൂര്‍- ഭര്‍ത്താവ് നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന പരാതിയുമായി യുവതി. ഛത്തീസ്ഗഢ് ബിലാസ്പുര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരേ പോലീസിനെ സമീപിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
രണ്ട് മാസം മുന്‍പാണ് ദമ്പതികള്‍ വിവാഹിതരായതെന്ന് പോലീസ് അറിയിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് രണ്ട് മാസം മുന്‍പ് ഒളിച്ചോടിയ ഇരുവരും ആര്യസമാജ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുകയും പ്രദേശത്തെ ഒരു വാടക വീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ദമ്പതികള്‍ക്കിടെയില്‍ വഴക്ക് പതിവായതോടെ ഭര്‍ത്താവിനോട് പിണങ്ങി യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി.
സ്വന്തം വീട്ടിലേക്ക് താന്‍ മടങ്ങിയതില്‍ പ്രകോപിതനായ ഭര്‍ത്താവ് വ്യാജ ഐഡി ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ നഗ്‌നചിത്രം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് വ്യക്തമാക്കി. ഒരുമിച്ച് താമസിക്കുന്നതിനിടെ നിരവധി നഗ്‌നചിത്രങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങളാണ് പിന്നീട് വ്യാജ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഭര്‍ത്താവ് പ്രചരിപ്പിച്ചതെന്ന് യുവതി പറഞ്ഞു. നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ സഹോദരനൊപ്പം എത്തി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചിത്രങ്ങള്‍ പുറത്തുവിട്ട് ഭീഷണിപ്പെടുത്താനാണ് ഭര്‍ത്താവ് ശ്രമം നടത്തിയതെന്നും തന്റെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ കൈവശമുണ്ടെന്ന് യുവതി ആരോപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.