ന്യൂദല്‍ഹി- രാജ്യത്ത് ശക്തിയോടെ വളരുന്ന ബി.ജെ.പി.യെ എതിരിടാന്‍ നിലവിലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒറ്റയ്ക്ക് സാധിക്കില്ലെന്ന് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പ്രാദേശികപാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചാലേ ബി.ജെ.പി.യെ എതിര്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ജനകീയപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി. ധ്രുവീകരണരാഷ്ട്രീയം പ്രയോഗിക്കുകയാണ്. ഭിന്നിപ്പിച്ച് അധികാരത്തില്‍ കയറുകമാത്രമാണ് ലക്ഷ്യം. ഭരണഘടനയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും സ്വതന്ത്രസംവിധാനങ്ങളുമെല്ലാം ഇതിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നു. ഇതിനോട് പോരാടാന്‍ പ്രതിപക്ഷകക്ഷികളെല്ലാം ഒന്നിക്കുകയല്ലാതെ വേറെ വഴിയില്ല. രാജ്യത്തിന്റെ എല്ലാഭാഗത്തും വേരുകളുള്ള പാര്‍ട്ടി എന്നനിലയില്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്നുമാത്രം.
കോണ്‍ഗ്രസ് വിട്ടതില്‍ പശ്ചാത്താപമോ വേദനയോ ഇല്ല. ഒരു സ്ഥാനമാനത്തിനും വേണ്ടിയല്ല പാര്‍ട്ടിവിട്ടത്. അങ്ങനെയായിരുന്നെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാമായിരുന്നു. ജീവിതത്തില്‍ ചിലപ്പോള്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വിലനല്‍കേണ്ടിവരും. ഇനി പാര്‍ലമെന്റില്‍ സ്വതന്ത്രശബ്ദമാവാനാണ് ആഗ്രഹം. അത് ലോക്‌സഭയിലായാലും രാജ്യസഭയിലായാലും. അതിനാലാണ് സമാജ്‌വാദി പാര്‍ട്ടിയോട് ഇക്കാര്യത്തില്‍ സഹായമഭ്യര്‍ഥിച്ചത്. നേരത്തേയും കോണ്‍ഗ്രസ് വോട്ടുകൊണ്ടു മാത്രമല്ല പാര്‍ലമെന്റില്‍ എത്തിയത്. ആദ്യം ലാലുപ്രസാദ് യാദവും പിന്നീട് മുലായംസിങ് യാദവും മായാവതിയും രാജ്യസഭയിലെത്താന്‍ സഹായിച്ചിട്ടുണ്ട്. ഇവരുമായുണ്ടാക്കിയ വ്യക്തിബന്ധത്തിലൂടെയാണത് സാധിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ പുനഃസംഘടനയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിവുള്ള ബുദ്ധിജീവികളുണ്ട്. അവര്‍ അക്കാര്യത്തില്‍ നടപടി സ്വീകരിക്കും -സിബല്‍ പറഞ്ഞു.