നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്ത് നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് 20.18 കോടി രൂപ വില വരുന്ന ഹെറോയില്‍ ആണ് പിടികൂടിയത്. പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നു എത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ വന്ന ടാന്‍സാനിയന്‍ സ്വദേശി മുഹമ്മദ് അലി എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2884 ഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്നാണ് ഇയാള്‍ ദുബായ് വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇയാളെ ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തുന്നുണ്ടന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. ട്രോളി ബാഗില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ഇയാള്‍ ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചതാണോ, ഇവിടെനിന്ന് മറ്റെവിടേക്കെങ്കിലും കടത്താന്‍ കൊണ്ടുവന്നതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകുന്നതിന് വേണ്ടി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.