തിരുവനന്തപുരം- വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായ പി. സി ജോര്‍ജിന് വീണ്ടും പോലീസിന്റെ നോട്ടീസ്. ഞായറാഴ്ച രാവിലെ 11ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകണമെന്നാണ് പോലീസ് പറയുന്നത്. തൃക്കാക്കരയില്‍ നാളെ ബി.ജെ.പിയുടെ പ്രചാരണത്തിനായി പോകാനിരിക്കെയാണ് അസി. കമ്മീഷണര്‍ എസ്. ഷാജി നോട്ടിസ് അയച്ചത്.
തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്ന് പി. സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടിസ് നല്‍കിയത്. പോലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ജാമ്യം നല്കുമ്പോള് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്താനായി ഹാജരാകാനാണ് ഫോര്‍ട്ട് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാകുമെന്നതിനാല്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാകാന്‍ പി.സി ജോര്‍ജിന് കഴിയില്ല.