റിയാദ് - ഈജാര്‍ പ്രോഗ്രാം നെറ്റ്‌വര്‍ക്കില്‍ ഇതുവരെ 30 ലക്ഷത്തിലേറെ പാര്‍പ്പിട വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്ക്. സൗദിയില്‍ പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള 45 ശതമാനം വീടുകളുടെയും ഫഌറ്റുകളുടെയും വാടക കരാറുകള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാടക പ്രക്രിയയിലെ കക്ഷികള്‍ക്ക് ഈജാര്‍ നെറ്റ്‌വര്‍ക്ക് നല്‍കുന്ന സേവന മികവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകളുടെ എണ്ണം 43 ലക്ഷം കവിഞ്ഞിട്ടുണ്ട്.
നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചതും സേവനങ്ങള്‍ മെച്ചപ്പെടുത്തിയതും പുതിയ സവിശേഷതകള്‍ നിരന്തരം ഉള്‍പ്പെടുത്തുന്നതും റിയല്‍ എസ്റ്റേറ്റ് വാടക മേഖലയിലെ ഉപയോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായി ഈജാര്‍ നെറ്റ്‌വര്‍ക്ക് പ്രോഗ്രാം പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത വാടക കരാറുകളുടെയും രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകളുടെയും നെറ്റ്‌വര്‍ക്ക് വഴി നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഇതിലൂടെ സാധിച്ചു.