ന്യൂദല്‍ഹി- രാജ്യ വ്യാപകമായി ദലിത് പ്രക്ഷോഭത്തിന് കാരണമാണ് എസ് സി എസ് ടി നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ ലഘൂകരിച്ച വിവാദ ഉത്തരവ് സ്റ്റെ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധപ്പെട്ട കക്ഷികളോട് ഇതിനകം മറുപടി എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം നല്‍കുന്ന പരാതിയില്‍ ഉടനടി അറസ്റ്റ് പാടില്ലെന്നായിരുന്നു സുപ്രീം കോടതി മാര്‍ച്ച് 20 പുറപ്പെടുവിച്ച ഉത്തരവ്. ഇത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അടിയന്തര ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിച്ചത്.
കോടതി ഉത്തരവ് നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണെന്നും നിയമ വ്യവസ്ഥയെ ലഘൂകരിച്ചതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവര്‍ സുപ്രീം കോടതിയുടെ ഉത്തരവ് വായിക്കാത്തവരാകാമെന്നും കോടതി നിരീക്ഷിച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നെങ്കിലും അദ്ദേഹം ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന് കൈമാറുകയായിരുന്നു.