Sorry, you need to enable JavaScript to visit this website.

തൃക്കാക്കരയിൽ സി.പി.എമ്മിന് വോട്ട് കൂടിയാൽ പിന്നെ ഭയാനക ഭരണം -എ.കെ.ആന്റണി

കൊച്ചി-  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കഴിഞ്ഞ തവണത്തേതിൽനിന്നു പത്തു വോട്ട് കൂടിയാൽ വരാനിരിക്കുന്നത് ഭയാനകമായ ഏകാധിപത്യ രണമായിരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. ഒരു വർഷം ആഘോഷിക്കുന്ന പിണറായി സർക്കാരിന് ലഭിക്കുന്ന താക്കീതും ഷോക്ക് ട്രീന്റ്‌മെന്റുമാവണം തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി. 
പിണറായി വിജയന് തുടർഭരണം കൊടുത്തതിന്റെ ദുരന്തമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ജയിക്കാൻ സാധിച്ചാൽ ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്ക് ശബ്ദമില്ലാത്തവരായി പ്രവർത്തിക്കേണ്ടിവരും. പിന്നീട് വരാനിരിക്കുന്നത് ഏകാധിപത്യത്തിന്റെയും ധിക്കാരത്തിന്റെയും ആർഭാടത്തിന്റെയും കാലമായിരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ തീരുമാനങ്ങൾ അനുസരിക്കുന്ന അനുയായികളെപ്പോലെ ആത്മാഭിമാനം നഷ്ടപ്പെട്ട് ഘടക കക്ഷികൾക്ക് പ്രവർത്തിക്കേണ്ടിവരും.


സി.പി.എം പ്രവർത്തകരും നേതാക്കളും ശ്രദ്ധിക്കണം. കാരണം കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെ കഴിവുള്ള നിരവധി നേതാക്കളെ തഴഞ്ഞിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞാൽ ഇനിയും അവർ തഴയപ്പെടും. ഒരു നല്ല തോൽവി കിട്ടിയാലേ പിണറായി പാഠം പഠിക്കൂ. അതുകൊണ്ടു തന്നെ തഴയപ്പെട്ട സി.പി.എം നേതാക്കളും ആത്മാഭിമാന ഭയമുള്ള ഘടക കക്ഷി നേതാക്കളും സി.പി.എമ്മിന് താക്കീത് നൽകാൻ യു.ഡി.എഫിന് വോട്ടു നൽകണം. സി.പി.എമ്മിന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കേണ്ടത് അത്യാവശ്യമാണ്.
യു.ഡി.എഫ് സ്ഥാനാർഥിയെ ജയിപ്പിച്ചാൽ മാത്രം പോരാ. ഇടതുപക്ഷത്തിന്റെ വോട്ട് കാര്യമായി തന്നെ കുറയ്ക്കണം. അങ്ങനെയെങ്കിൽ സി.പി.എമ്മിന്റെ ഏകാധിപത്യ ശൈലിക്കും അക്രമത്തിനും ധാർഷ്ട്യത്തിനും മാറ്റമുണ്ടാക്കാൻ സാധിക്കും. എൽഡിഎഫിനെ വെറുതെ തോൽപിച്ചാൽ പോരാ, അന്തസ്സായി, ചെണ്ട കൊട്ടി തോൽപിക്കണമെന്നും ആന്റണി കൂട്ടിച്ചേർത്തു.
താരതമ്യം ചെയ്യുമ്പോൾ ഉമ തോമസിന്റെ അയൽപക്കത്ത് വരാൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മറ്റു സ്ഥാനാർഥികൾക്ക് കഴിയില്ലെന്ന് ആന്റണി പറഞ്ഞു. സ്ഥാനാർഥികളെ കുറിച്ച് ആക്ഷേപിക്കുന്നില്ലെങ്കിലും അന്തസ്സുള്ള, സംസ്‌കാരമുള്ള, കൂലിനയായ മഹാരാജാസ് കോളേജിന്റെ പ്രൊഡക്ടായ ഉമ സഹനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. 


ഭർത്താവ് മരിച്ചപ്പോൾ ഭാര്യക്ക് കൊടുത്ത സീറ്റല്ല ഉമയുടേത്. വിദ്യാർഥി കാലഘട്ടം മുതൽ പട പൊരുതിയ പോരാളി ആണ് ഉമ തോമസ്. ഇന്നു വരെയുള്ള ഉമയുടെ വാക്കും പെരുമാറ്റവും നോട്ടവും എത്രമാത്രം കുലീനമാണ്. പി.ടി. തോമസിനോടൊപ്പം ഉമ ഇറങ്ങി പുറപ്പെടുമ്പോൾ അദ്ദേഹം കേരളം മുഴുവൻ അറിയപ്പെടുന്ന നേതാവാണെങ്കിലും ജീവിക്കാൻ വരുമാനമൊന്നുമില്ലായിരുന്നു. ആദ്യകാലത്ത് കുടുംബം പോറ്റിയത് ഉമ തോമസ് ജോലി ചെയ്താണ്. അങ്ങനെ കഷ്ടപ്പെട്ട് പണിയെടുത്ത് സഹനം സഹിച്ച് വന്ന ആളാണ് ഉമ. 
പി.ടി.തോമസ് അഞ്ചര മണിക്ക് എഴുന്നേറ്റ് ജനങ്ങളെ കാണാൻ ഇറങ്ങണമെങ്കിൽ അതിന് ഒരു മണിക്കൂർ മുന്നേ ഉമ എഴുന്നേൽക്കണം. അപ്പോൾ പി.ടി. തോമസിനെ മാത്രമല്ല ഉമയേയും ജനങ്ങൾക്ക് മറക്കാൻ സാധ്യമല്ല. ഞാനടക്കം ഒരുപിടി നേതാക്കൾ മഹാരാജാസ് കോളേജിന്റെ പ്രൊഡക്ടാണ്. അതിൽ വലിയ അഭിമാനമുണ്ട്. മഹാരാജാസിന്റെ പാരമ്പര്യം വലുതാണെന്നും ആന്റണി പറഞ്ഞു. 


 

Latest News