Sorry, you need to enable JavaScript to visit this website.

'വ്യാജ വാര്‍ത്ത' തടയല്‍ ഉത്തരവ് പുലിവാലായി; പ്രധാനമന്ത്രി ഇടപെട്ട് റദ്ദാക്കി

ന്യൂദല്‍ഹി- വ്യാജ വാര്‍ത്തയുടെ പേരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ശിക്ഷിക്കാനുള്ള കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് വിവാദമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് റദ്ദാക്കി. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത സംബന്ധിച്ച പരാതികള്‍ പരിശോധിക്കേണ്ടത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണെന്നും നടപടികള്‍ എടുക്കേണ്ടത് പ്രസ് കൗണ്‍സില്‍, നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ പോലുള്ള ഏജന്‍സികളാണെന്നും പ്രധാമന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും വാര്‍ത്ത വ്യാജമാണെന്ന പരാതി ഉയരുന്ന പക്ഷം മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത് ട്വിറ്ററില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് ഒരു വിലയും കല്‍പ്പിക്കാതെ ബിജെപി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയാണെന്ന് വ്യാപക ആക്ഷേപമാണ് ഏതാനും മണിക്കൂറുകളായി ട്വിറ്ററില്‍ നിറയുന്നത്.

മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന അക്രഡിറ്റേഷനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് വ്യാജ വാര്‍ത്തയുടെ പേരില്‍ ഇതു റദ്ദാക്കുമെന്ന ഭേദഗതി കൂട്ടിച്ചേര്‍ത്തത്. വിവിധ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ കടുത്ത പ്രതിഷേധം അറിയിച്ചതിനു തൊട്ടുപിറകെ ട്വിറ്ററിലും വ്യാപക പ്രതിഷേധം പടര്‍ന്നു. #FakeNews ഹാഷ് ടാഗ് ട്രെന്‍ഡിങ്ങില്‍ ഏറ്റവും മുന്നിലെത്തി. പ്രതിഷേധം കനത്തു വരുന്നതിനിടെയാണ് പ്രധാമന്ത്രി ഇടപെട്ട് വിവാദ ഉത്തരവ് റദ്ദാക്കിയത്‌.

Latest News