ലഡാക്കില്‍ വാഹനം നദിയില്‍ വീണ് മലപ്പുറം സ്വദേശിയടക്കം ഏഴ് സൈനികര്‍ മരിച്ചു

ന്യൂദല്‍ഹി- സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. ലഡാക്കിലെ ഷിയോക് നദിയിലാണ് ദുരന്തം. മരിച്ചവരില്‍  മലപ്പുറം സ്വദേശിയും ഉള്‍പ്പെടുന്നു. പരപ്പനങ്ങാടി കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (41) ആണ് മരിച്ചത്.
പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍നിന്ന്  ഹനീഫിലെ സബ് സെക്ടറിലേക്ക്  സൈനികരുമായി നീങ്ങിയ വാഹനമാണ് റോഡില്‍ നിന്ന് തെന്നി  നദിയിലേക്ക് വീണത്.
ഷിയോക് നദിയില്‍ ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞതെന്നും വാഹനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.  ഗുരുതരമായി പരിക്കേറ്റ ബാക്കി സൈനികരെ  പാര്‍താപൂരിലെ 403 ഫീല്‍ഡ് ഹോസ്പിറ്റലില്‍നിന്ന്  ചണ്ഡിമന്ദിറിലെ വെസ്‌റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റി.

 

Latest News