ന്യൂദല്‍ഹി- ഇറാഖിലെ മൊസൂളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി 39 ഇന്ത്യക്കാരും നേരത്തെ രക്ഷപ്പെട്ട ഒരാളും ഇറാഖിലെത്തിയത് അനധികൃത മാര്‍ഗത്തിലൂടെയാണെന്ന് വിദേശ കാര്യ സഹമന്ത്രി വികെ സിങ്. ഇവരുടെ യാത്ര സംബന്ധിച്ച ഒരു രേഖകളും ഇറാഖിലെ ഇന്ത്യന്‍ എംബസിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട 38 പേരുടെ മൃതദേഹവുമായി കഴിഞ്ഞ ദിവസം അമൃത്സറില്‍ വന്നിറങ്ങിയ ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇവര്‍ ഇറാഖിലെത്തിയതു സംബന്ധിച്ച് എംബസിക്ക് വിവരം ലഭിച്ചിരുന്നെങ്കില്‍ 2014-ല്‍ ഐഎസ് പിടികൂടിയ നഴ്‌സുമാരെ രക്ഷിച്ചതു പോലെ ഇവരേയും രക്ഷപ്പെടുത്താമായിരുന്നെന്നും മന്ത്രി പറഞ്ഞു.
40 പേരും നിയമവിരുദ്ധ ട്രാവന്‍ ഏജന്റുമാര്‍ മുഖേനയാണ് ഇറാഖിലെത്തിയത്. ഇവരില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പ്രത്യേക വിമാനത്തിലാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെത്തിച്ചത്.