കുവൈത്ത് സിറ്റി - അഞ്ചു വര്‍ഷക്കാലം ബാത്ത്‌റൂമില്‍ അടച്ചിട്ട് മകളെ കൊലപ്പെടുത്തിയ മാതാവിന് കുവൈത്ത് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. കുവൈത്തിലെ അല്‍സാല്‍മിയയിലെ വീട്ടിലാണ് സ്വദേശി വനിത മകളെ അഞ്ചു വര്‍ഷക്കാലം ബാത്ത്‌റൂമില്‍ അടച്ചിട്ടത്. മതിയായ ഭക്ഷണവും വെള്ളവും പരിചരണവും മറ്റും ലഭിക്കാതെ മരണപ്പെട്ട യുവതിയുടെ മൃതദേഹം പൂര്‍ണമായും അഴുകി ദ്രവിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്.
ജീവപര്യന്തം തടവ് ശിക്ഷ വധശിക്ഷക്ക് സമാനമാണെങ്കിലും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെടുമെന്നും കൊല്ലപ്പെട്ട യുവതിയുടെ പിതാവിന്റെ അഭിഭാഷകര്‍ പറഞ്ഞു. വിചാരണക്കിടെ ആരോപണങ്ങള്‍ കുവൈത്തി വനിത നിഷേധിച്ചിരുന്നു. മകളെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അനുസരണക്കേട് കാണിച്ച മകളെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ബാത്ത്‌റൂമില്‍ അടച്ചിട്ടതെന്നും പ്രതി കോടതിയില്‍ പറഞ്ഞു. മകള്‍ മരണപ്പെട്ടതായി പിന്നീട് കണ്ടെത്തിയപ്പോള്‍, ബാത്ത്‌റൂമില്‍ അടച്ചിട്ടെന്നും കൊലപ്പെടുത്തിയെന്നുമുള്ള ആരോപണം നേരിടേണ്ടിവരുമെന്ന് ഭയന്ന് മകള്‍ മരണപ്പെട്ട കാര്യം താന്‍ മറച്ചുവെക്കുകയായിരുന്നെന്നും പ്രതി വാദിച്ചു.