'ഗാന്ധിജി തെറ്റ്, ഗോഡ്‌സെ നല്ലവന്‍ സവര്‍ക്കറുടെ ചിത്രമുള്ള  ഒരു ലക്ഷം കുടകള്‍ കേരളത്തില്‍ വിതരണം ചെയ്യും' 

തൃശൂര്‍- നാഥുറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാര്‍ഥ നായകനെന്നും ഗാന്ധിവധം ശരിയായ നടപടിയായിരുന്നെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷന്‍ മുന്നാകുമാര്‍ ശര്‍മ. തൃശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ഒരു തെറ്റായിരുന്നു, ഗോഡ്‌സെയാണ് ശരി. രാഷ്ട്രത്തെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കാനാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചത്. ഗോഡ്‌സെയുടെ പ്രവൃത്തിയെ തങ്ങള്‍ അംഗീകരിക്കുകയും ഗാന്ധിയെ എതിര്‍ക്കുകയും ചെയ്യുന്നു. ശര്‍മ പറഞ്ഞു.
സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. സവര്‍ക്കറുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഒരുലക്ഷം കുടകളും നോട്ട്ബുക്കുകളും ബാഗുകളും സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ ജിഹാദുമായി മുസ്‌ലിംകള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയാണ്. ഇതിനെതിരെ ഹിന്ദു മഹാസഭ പ്രതിരോധം തീര്‍ക്കും. ലവ് ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ തെറ്റാണ്. കേരളത്തില്‍ ലവ് ജിഹാദ് ഇപ്പോഴും തുടരുകയാണ്. രാജ്യാന്തര പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റിക്കൊണ്ടിരിക്കുകയാണ്. ലവ് ജിഹാദ് വിഷയത്തിലടക്കം കേരള സര്‍ക്കാര്‍ കൃത്യമായ നടപടിയെടുക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിയമം മൂലം ഗോഹത്യ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് നിയമം പാസാക്കിയല്ലാതെ ഇതിന് അറുതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News