ന്യൂദല്‍ഹി- യുവതിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ യുവതി തന്നെ അറസ്റ്റിലായി. തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ് സഹോദരനെ വിളിച്ച് പണം ആവശ്യപ്പെട്ട യുവതി ഹോട്ടിലില്‍ താമസിച്ചുവരവെയാണ് അറസ്റ്റിലായത്. ദല്‍ഹിയിലെ മെഹ്‌റോളിയിലാണ് സംഭവം. സഹോദരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയെന്ന യുവാവിന്റെ പരാതിയെ തുടര്‍ന്നാണു പോലീസ് അന്വേഷണം ആരംഭിച്ചത്. കടത്തിക്കൊണ്ടു പോയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് തന്റെ ഫോണിലേക്കു പല തവണ വിളിച്ചെന്നും മെസേജ് അയച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി. കൈകള്‍ ബന്ധിച്ച നിലയിലുള്ള യുവതിയുടെ ഫോട്ടോയും പരാതിക്കൊപ്പം യുവാവ് പോലീസിനു നല്‍കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലെത്തിയ പോലീസ് സംഘം സിസിടിവി ക്യാമറ പരിശോധിച്ചു. ഇതില്‍ കഴിഞ്ഞ ചൊവ്വാഴ്ച യുവതി വീട്ടില്‍നിന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാല്‍ വാട്‌സാപ് പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. ഇതുവെച്ച് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ ആഗ്രയിലായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ആഗ്രയിലുള്ള ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. സഹോദരനെ ഫോണില്‍ വിളിച്ച യുവതി ഒരു മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പുരുഷ ശബ്ദത്തില്‍ സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് യുവതി നാടകം കളിച്ചതെന്നും പോലീസ് പറഞ്ഞു.