ന്യൂദല്‍ഹി- തെരഞ്ഞെടുപ്പുകളുടെ വര്‍ഷം വരാനിരിക്കെ മാധ്യമങ്ങള്‍ക്കു മേല്‍ പിടിമുറുക്കുന്ന അപ്രതീക്ഷിത നിയന്ത്രണങ്ങളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിങ്കളാഴ്ച വൈകുന്നേരം ഒരു വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം സര്‍ക്കാര്‍ പുറത്തുവിട്ടത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ന്യൂസ് ബ്രോഡ്കാസ്്റ്റേഴ്സ് അസോസിയേഷനുമാണ് വാര്‍ത്തകള്‍ വ്യാജമാണോ അല്ലെയോ എന്ന് നിര്‍ണയിക്കുക. ഈ രണ്ട് ഏജന്‍സികളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതോ അല്ലെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
വ്യാജ വാര്‍ത്തക്കുള്ള ശിക്ഷ കൃത്യമായി പറയുന്നുണ്ടെങ്കിലും വ്യാജ വാര്‍ത്ത എന്താണെന്നതിന് കൃത്യമായ ഒരു നിര്‍വചനം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മാധ്യമങ്ങളില്‍ വരുന്നത് വ്യാജ വാര്‍ത്തയാണെന്ന് പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി എടുക്കുക. ഇതു സംബന്ധിച്ച സര്‍ക്കാര്‍ കൈകൊള്ളുന്ന നപടികളും സംശയങ്ങളുയര്‍ത്തുന്നതാണ്. വ്യാജ വാര്‍ത്താ പരാതി ലഭിച്ചാലുടന്‍ ഇതു സ്ഥിരീകരിക്കുന്നതു വരെ മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായി റദ്ദാക്കും. പരാതി പ്രസ് കൗണ്‍സിലിനും ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും കൈമാറും. പ്രസ്തുത വാര്‍ത്ത വ്യാജമാണോ എന്നത് ഈ ഏജന്‍സികള്‍ 15 ദിവസത്തിനകം അന്വേഷണം നടത്തി സ്ഥിരീകരിക്കണം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. ഒരു തവണ വ്യാജ വാര്‍ത്ത നല്‍കിയാല്‍ ആറു മാസത്തേക്കും രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്കുമായിരിക്കും സസ്പെന്‍ഷന്‍. മൂന്ന് തവണ കുറ്റക്കാരായാല്‍ അക്രഡിറ്റേഷന്‍ എന്നന്നേക്കുമായി റദ്ദാക്കപ്പെടും.
ചുരുങ്ങിയത് അഞ്ചു വര്‍ഷം മുഴുസമയ മാധ്യമപ്രവര്‍ത്തന പരിചയമുള്ളവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) മുഖേന അക്രഡിറ്റേഷന്‍ നല്‍കുന്നത്. 15 വര്‍ഷം മാധ്യമ രംഗത്ത് പരിചയമുള്ള സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും അഞ്ചു വര്‍ഷത്തെ പരിചയമുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ നല്‍കിവരുന്നു. പ്രസ് കൗണ്‍സിലിനും ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പ്രാധിനിധ്യമുള്ള അക്രഡിറ്റേഷന്‍ സമിതിയാണ് ഇതു അനുവദിക്കുക.
അക്രഡിറ്റേഷന്‍ ഉള്ളത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായിരിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ നീക്കം മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കു മൂക്കുകയറിടാനാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഈ വിലക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന വെബ്സൈറ്റുകള്‍ക്ക് ബാധകമല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സുഹാസിനി ഹൈദര്‍ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും ഈ നീക്കത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.