കെയ്‌റോ- ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സീസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമൂഴത്തില്‍ 97 ശതമാനം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് സീസി ജയിച്ചത്. സീസി അനുകൂലിയായ മൂസ മുസ്തഫ മൂസ മാത്രമെ എതിരാളിയായി മത്സര രംഗത്തുണ്ടായിരുന്നുളളൂ. പരമാവധി പൗരന്മാരെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ പ്രചാരണം നടത്തിയിരുന്നെങ്കിലും കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പില്‍ 41 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തിരുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ ജനുവരിയില്‍ പ്രചാരണം നിര്‍ത്തി രംഗം വിട്ടിരുന്നു. പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.
2014-ലെ തെരഞ്ഞെടുപ്പില്‍ 47 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. ഇത്തവണ ഇത് 41 ആയി ചുരുങ്ങിയത് സീസിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തവണ തെരഞ്ഞെടുപ്പിലുപരി ഒരു ഹിത പരിശോധനയായിരിക്കുമെന്ന് നേരത്തെ സീസി പറഞ്ഞിരുന്നു.