ഇന്‍ഡ്യാന- യുഎസ് സംസ്ഥാനമായ ഇന്‍ഡ്യാനയിലെ മാരിയന്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടില്‍ രണ്ടു ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ടു. ചെറിയ വിമാനത്താവളമായ മാരിയനില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഇവിടെ നിന്നും പറന്നുയരാന്‍ ശ്രമിക്കുകയായിരുന്ന ഒറ്റ എഞ്ചിന്‍ സെസ്‌ന 150 കൊച്ചുവിമാനം ലാന്‍ഡ് ചെയ്ത സെസ്‌ന 525 സൈറ്റേഷന്‍ ചെറുവിമാനത്തിന്റെ വാലില്‍ ഇടിച്ചാണ് അപകടം. റണ്‍വേയുടെ മധ്യത്തില്‍ വച്ചുണ്ടായ കൂട്ടിയിയുടെ ആഘാതത്തില്‍ കൊച്ചു വിമാനമായ സെസ്‌ന 150 പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഈ വിമാനത്തിലുണ്ടായിരുന്ന രണ്ടു പ്രാദേശിക അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഒരാളായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. 31-കാരായ കെയ്ല്‍ ഹിബ്സ്റ്റ്, ഡേവിഡ് വിറ്റ്‌കെംപര്‍ എന്നിവരാണ് മരിച്ചത്.
താരമതമ്യേന അല്‍പം വലിയ വിമാനമായ സെസ്‌ന 525-ലെ അഞ്ചു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വളരെ ചെറിയ വിമാനത്താവളമായ ഇവിടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഇല്ല. പൈലറ്റുമാര്‍ തമ്മില്‍ വയര്‍ലെസ്സ് റേഡിയോയില്‍ ആശയവിനിമയം നടത്തിയാണ് ഇവിടെ പറന്നുയരലും ലാന്‍ഡിങും നടത്തുന്നത്.