ന്യൂദൽഹി- പന്തു ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തപ്പെട്ട ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനു പകരം രാജസ്ഥാൻ റോയൽസിൽ എത്തുക ഓസ്‌ട്രേലിയയുടെ തന്നെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഹെൻട്രിച്ച് ക്ലാസ്സൻ. വിവാദമുണ്ടായതോടെ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ പദവി കഴിഞ്ഞയാഴ്ച തന്നെ സ്മിത്ത് ഒഴിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം വരുന്നത്. ഇതോടെ താരത്തിന്റെ ഐ.പി.എൽ കരാർ അസാധുവായി.
ക്ലാസ്സനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് രാജസ്ഥാൻ ടീമിലെടുത്തതെന്ന് ബി.സി.സി.ഐ പ്രസ്താവനയിൽ അറിയിച്ചു. ഇത് 26കാരന്റെ ആദ്യ ഐ.പി.എല്ലാണ്. ജനുവരിയിൽ നടന്ന ലേലത്തിൽ ക്ലാസ്സനെ ഒരു ടീമും ഏറ്റെടുത്തിരുന്നില്ല. ഐ.പി.എല്ലിൽ കളിക്കാൻ തനിക്ക് അവസരം നൽകിയ രാജസ്ഥാൻ റോയൽസിനോട് നന്ദിയുണ്ടെന്നും, ഇത് തന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണെന്നും ക്ലാസ്സൻ പറഞ്ഞു.
ട്വന്റി20യിൽ മികച്ച റിക്കാർഡിനുടമയാണ് ക്ലാസ്സൻ. 49 കളികളിൽ 146.28 സ്‌ട്രൈക്ക് റേറ്റിൽ 1049 റൺസ്. ആർ അർധസെഞ്ചുറികൾ. പുറമെ 28 ക്യാച്ചുകളും, 12 സ്റ്റംപിംഗുകളും വിക്കറ്റ് കീപ്പറുടെ പേരിലുണ്ട്.