ന്യൂദല്‍ഹി- സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ തടസ്സപ്പെട്ടു. റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്നാണ് വിവിധ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സൈബര്‍ ആക്രമണം നടന്നതായി സ്‌പൈസ് ജെറ്റ് കമ്പനി സ്ഥിരീകരിച്ചു.
കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചുളള ആക്രമണമാണ് റാന്‍സംവെയര്‍. സൈബര്‍ കുറ്റവാളി ഇരയുടെ ഡാറ്റയും പ്രധാനപ്പെട്ട ഫയലുകളും ലോക്ക് ചെയ്യുകയോ എന്‍സ്‌ക്രിപ്റ്റ് ചെയ്യുകയോ ചെയ്യുന്നു. കമ്പ്യൂട്ടറുകളും നെറ്റ് വര്‍ക്കുകളും പുനസ്ഥാപിക്കാന്‍ ക്രിപ്‌റ്റോ കറന്‍സി വഴി തുക ആവശ്യപ്പെടുകയാണ് രീതി.
മണിക്കൂറുകളായി കുടുങ്ങികിടക്കുകയാണെന്നും ഭക്ഷണമടക്കം ഒന്നും ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ വീഡിയോകള്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ തങ്ങളുടെ ഐടി ടീം പരിഹരിച്ചുവെന്നും വിമാനങ്ങള്‍ സാധാരണഗതിയില്‍ സര്‍വീസ് ആരംഭിച്ചുവെന്നും സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.