തബൂക്ക് - തബൂക്ക് പ്രവിശ്യയില്‍ പെട്ട ഹഖ്‌ലിലെ പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക് ബീച്ചില്‍ വിഷ മത്സ്യത്തിന്റെ കടിയേറ്റ് സൗദി വനിത മരണപ്പെട്ടു. തേള്‍മീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യത്തിന്റെ കടിയേറ്റ സൗദി വനിതയെ ഉടന്‍ തന്നെ ഹഖ്ല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പവിഴപ്പുറ്റുകള്‍ക്കിടയില്‍ ജീവിക്കുന്ന കൊടുംവിഷമുള്ള മത്സ്യമാണ് തേള്‍മീന്‍. പവിഴപ്പുറ്റുകളുടെ അതേനിറങ്ങളോടെയുള്ള തേള്‍മീനുകളുടെ പുറത്ത് വിഷമുള്ള മുള്ളുകളുണ്ട്. കാലുകള്‍ കൊണ്ട് ഈ മത്സ്യത്തെ അറിയാതെ ചവിട്ടിയാല്‍ വിഷമുള്ളുകള്‍ തറച്ച് കൊടുംവിഷം ശരീരത്തില്‍ കയറും. ഇത്തരം സാഹചര്യങ്ങളില്‍ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയാണ് വേണ്ടത്. ഹഖ്ല്‍ തീരങ്ങളില്‍ തേള്‍മീനുകളുടെ വര്‍ധിച്ച സാന്നിധ്യമുണ്ട്. ഇവ സൃഷ്ടിക്കുന്ന ഭീഷണി ഒഴിവാക്കാന്‍ കടലില്‍ ഇറങ്ങുന്നവര്‍ ബീച്ച് ഷൂ ധരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.