Sorry, you need to enable JavaScript to visit this website.

ജപ്പാന് സമീപം ചൈനീസ്, റഷ്യന്‍ വിമാനങ്ങള്‍, അതൃപ്തി പരസ്യമാക്കി വിദേശമന്ത്രി

ടോക്കിയോ- ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ചൈനീസ്, റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ജപ്പാന്റെ സമീപത്തുകൂടി സംയുക്ത പറക്കല്‍ നടത്തിയതായി ജപ്പാന്‍ വിദേശകാര്യ മന്ത്രി നോബുവോ കിഷി. സംഭവത്തില്‍ ജപ്പാന്‍ ഭരണകൂടം റഷ്യയോടും ചൈനയോടും അതൃപ്തി വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.

യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചില്ല. എന്നാല്‍ കഴിഞ്ഞ നവംബറിനുശേഷം ഇതു നാലാം തവണയാണു ജപ്പാനു സമീപം ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനം പറക്കുന്നത്. മേഖലയിലെ തല്‍സ്ഥിതി മാറ്റാന്‍ ചില രാജ്യങ്ങള്‍ മനഃപൂര്‍വം ശ്രമിക്കുന്നെന്ന് ക്വാഡ് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

റഷ്യയുടെ ഉക്രൈന്‍ യുദ്ധത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രതികരണം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അവരുമായി ചേര്‍ന്ന് ചൈന ഇത്തരമൊരു നടപടിക്കു മുതിര്‍ന്നത് വളരെ ആശങ്കാജനകമാണ്. ഇതിനെ നിസ്സാരമായി തള്ളാനാവില്ല. ജപ്പാന്‍ കടലിനു മുകളിലും കിഴക്കന്‍ ചൈന കടലിനു മുകളിലുമായാണ് ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങള്‍ അഭ്യാസ പ്രകടനം നടത്തിയത്. നാലു വിമാനങ്ങള്‍ ഉണ്ടായിരുന്നു. രണ്ടെണ്ണം ചൈനയുടെയും രണ്ടെണ്ണം റഷ്യയുടെയും- ജപ്പാന്‍ പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News