ദുബായ് - ആള്‍മാറാട്ടം നടത്തി വിവാഹം ചെയ്ത ഏഷ്യന്‍ യുവാവിന്റെ കള്ളി ദുബായ് സിവില്‍ കോടതിയില്‍ പുറത്തായി. ആറു വര്‍ഷമാണ് യുവാവ് ആള്‍മാറാട്ടം നടത്തി ദുബായില്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എ.ഇയില്‍ എത്തിയ യുവാവ് നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുകയായിരുന്നു. യു.എ.ഇയില്‍ കഴിയുന്ന സുഹൃത്തിന്റെ സഹോദരനായി ആള്‍മാറാട്ടം നടത്തിയും ഈ യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ തന്റെ ഫോട്ടോ പതിച്ചുമാണ് പ്രതി രാജ്യത്ത് തങ്ങിയത്. ഈ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യു.എ.ഇയില്‍ കഴിയുന്ന സ്വന്തം നാട്ടുകാരിയെ യുവാവ് വിവാഹം കഴിക്കുകയും ചെയ്തു.
തന്റെ യഥാര്‍ഥ പേരുവിവരങ്ങള്‍ ആറു വര്‍ഷക്കാലം ഭാര്യയില്‍ നിന്നും ഭാര്യാ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവാവ് മറച്ചുവെച്ചു. വിവാഹ ബന്ധത്തില്‍ പിറന്ന മക്കളെ തന്റെ വ്യാജ പേരിലാണ് യുവാവ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവിന്റെ ഈ തട്ടിപ്പ് ഭാര്യക്ക് മനസ്സിലായതുമില്ല. ആറു വര്‍ഷത്തിനു ശേഷം ഇരുവരും ബന്ധം പിരിഞ്ഞതോടെ തനിക്കും മക്കള്‍ക്കും ജീവനാംശം തേടി യുവതി ദുബായ് സിവില്‍ കോടതിയെ സമീപിച്ചു. യുവതിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ യഥാര്‍ഥ ഭര്‍ത്താവ് സ്വദേശത്തേക്ക് മടങ്ങിയതായും യുവാവ് ആള്‍മാറാട്ടം നടത്തിയാണ് രാജ്യത്ത് കഴിഞ്ഞിരുന്നതെന്നും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ മക്കളെ യഥാര്‍ഥ പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ കോടതി ആരംഭിച്ചു.