ന്യൂദല്‍ഹി- രണ്ടാഴ്ച മുമ്പ് കാണാതായ ഹരിയാന്‍വി ഗായിക സംഗീതയെ ഹൈവേയ്ക്ക് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നും വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ദല്‍ഹിയില്‍ താമസിച്ചിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട 29 കാരിയാണ് മരിച്ചത്. മെയ് 11 നാണ് അവസാനമായി യുവതിയെ വീട്ടുകാര്‍ കണ്ടത്. ഹരിയാനയിലെ മേഹം സ്വദേശികളായ രവി, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിക് വീഡിയോ ചെയ്യാമെന്ന് പറഞ്ഞ് ദല്‍ഹിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ തന്നെ പിന്നീട് മൃതദേഹം മറവ് ചെയ്തുവെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ ഇരുവരും മരിച്ച യുവതിയുടെ സുഹൃത്തുക്കളായിരുന്നു. ഹരിയാനയില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ടെന്ന് ഡി.സി.പി ചൗധരി പറഞ്ഞു.
മെയ് 14 ന് ഗായികയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ ആരോപിച്ച് വീട്ടുകാര്‍ പരാതി നല്‍കിയത്. യുവതി പ്രതികളിലൊരാളായ രോഹിതിനൊപ്പം മേഹാമിന് സമീപമുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി അറിയിച്ചു.
വസ്ത്രമില്ലാതെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹോദരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണം, അവരെ തൂക്കിക്കൊല്ലണം, ബലാത്സംഗം ചെയ്യപ്പെട്ടതായി തോന്നുന്നു, തലയില്‍ മുറിവുണ്ട്, മൃതദേഹം വസ്ത്രമില്ലാതെയാണ് കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ എല്ലാ തെളിവുകളും നീക്കം ചെയ്താണ് അവര്‍ അവളെ കുഴിച്ചിട്ടത്- സഹോദരി പറഞ്ഞു.
രവിയാണ് ഗൂഢാലോചന നടത്തിയതെന്ന് പറഞ്ഞ അവര്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഒന്നും ചെയ്യാതെ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മെയ് 14 ന് പരാതി നല്‍കിയെങ്കിലും മെയ് 22 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അലംഭാവം കാണിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം- സഹോദരി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പോലീസ് കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് യുവതിയുടെ കുടുംബവും ഭീം ആര്‍മിയും ജാഫര്‍പൂര്‍ പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.