കണ്ണൂർ - കണ്ണൂർ സെൻട്രൽ ജയിലിൽ സി.പി.എം തടവുകാർ അധികൃതരറിയാതെ പിരിവെടുത്ത് ടി.വി.വാങ്ങിയ സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യത.
ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ടി.വി.സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ജയിൽ സൂപ്രണ്ട് ഈ ടി.വി പിടിച്ചെടുത്തിരുന്നു. ചില ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ടി.വി ജയിലിനകത്തേക്കു കടത്തിയത്. ജയിലിലെ വിവിധ ബ്ലോക്കുകളിൽ ജയിൽ അധികൃതർ ടി.വി.സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഒന്നാം ബ്ലോക്കിൽ ഒരു ടി.വി.കൂടി വേണമെന്ന തീരുമാനത്തിൽ, തടവുകാർ ചേർന്ന് ജയിലിൽ ജോലി ചെയ്തു കിട്ടുന്ന വേതനത്തിന്റെ വിഹിതം, സ്വന്തം വീടുകളിലേക്കയക്കുകയും ഇത് ഒരാൾ സ്വരൂപിച്ച് ടി.വി.വാങ്ങി ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലിനകത്തെത്തിക്കുകയുമായിരുന്നു. എന്നാൽ പഴയ മോഡൽ ടി.വിയാണ് വാങ്ങിയതെന്നും, നൽകിയ തുകയുടെ പകുതി പോലും ഇതിനു വില വരില്ലെന്നും തടവുകാർ തമ്മിൽ ചർച്ചയാവുകയും ഇത് വിവാദമാവുകയുമായിരുന്നു.
ജയിലിനകത്തേക്കും കാന്റീനിലേക്കും മറ്റുമായി സാധനങ്ങൽ കൊണ്ടുപോകുന്ന ലോറിക്കകത്താണ് ടി.വി.ജയിലിനുള്ളിലേക്കു കടത്തിയതെന്നും പഴയ മോഡൽ ടി.വിക്കകത്ത് മയക്കുമരുന്നടക്കം വെച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ വാഹനത്തിനകത്തുണ്ടായിരുന്ന പെട്ടി തുറന്നു പോലും നോക്കതെയാണ് കടത്തി വിട്ടതെന്നും ഇത് മുകളിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചായിരുന്നുവെന്നും പറയുന്നുണ്ട്. കെ#ാണ്ടുവന്ന ദിവസം തന്നെ ടി.വി.സ്ഥാപിക്കുകയും ചെയ്തിരുന്നു. സംഭവം ജയിൽ ഡി.ഐ.ജി.യുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്.
കണ്ണൂർ സെൻട്രൽ ജയിലിനകത്തേക്കു നിരോധിത വസ്തുക്കളും ലഹരി മരുന്നുകളും വ്യാപകമായി എത്തിക്കുന്നുവെന്ന പ്രചാരണം ശക്തമാണ്. ചില പ്രത്യേക സമയങ്ങളിൽ പുറത്തു നിന്നും കഞ്ചാവും മറ്റും പൊതികളാക്കി മതിലിനു മുകളിലൂടെ എറിഞ്ഞു കൊടുക്കുന്ന സംഭവം പതിവായതിനെത്തുടർന്ന് ഇവിടെ പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ പിന്നീട് പുറത്തു നിന്നും ജയിൽ അന്തേവാസികൾക്കായി കൊടുത്തയക്കുന്ന സാധനങ്ങൾക്കത്ത് ഇവ വെച്ചു നൽകുന്നതാണിപ്പോൾ പതിവ്. പുതിയ ചെരിപ്പുകളുടെയും മറ്റും അടിഭാഗം മുറിച്ചു മാറ്റി അതിനകത്ത് ലഹരി വസ്തുക്കൾ നിറച്ച ശേഷം, അകത്തേക്കു കടത്തുകയാണ് ചെയ്യുന്നത്. അടുത്തിടെ ജയിലിനകത്തെ ഉപയോഗ ശൂന്യമായ കിണർ വൃത്തിയാക്കിയപ്പോൾ അടിഭാഗം മുറിച്ചു മാറ്റിയ നിലയിൽ നൂറു കണക്കിനു പുതിയ ചെരുപ്പുകളാണ് ലഭിച്ചത്.